തിരുവനന്തപുരം: യുവ കലാപ്രതിഭകൾ മാറ്റുരക്കുന്ന കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ അഞ്ചാം ദിവസത്തിലേക്ക് കടന്നു. തിരുവനന്തപുരം കാര്യവട്ടം ഗവൺമെന്‍റ് കോളജ് ക്യാംപസിലും ചെമ്പഴന്തി എസ്എൻ കോളജിലുമായാണ് കലാമൽസരങ്ങൾ നടക്കുന്നത്. എഴുപത്തിയാറോളം കോളജുകൾ പങ്കെടുക്കുന്ന യുവജനോത്സവം ഇതിനോടകം തന്നെ യുവാക്കളുടെ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി കഴിഞ്ഞു. 195 പോയിന്‍റുകളുമായി മാർ ഇവാനിയോസ് കോളജാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. 160 പോയിന്‍റുമായി യൂണിവേഴ്സിറ്റി കോളജ് രണ്ടാമതാണ്.
സ്റ്റേജ് ഒന്ന് ആർട്ടികിൾ 14 ൽ ഇന്ന് കോൽക്കളിയും ഒപ്പനയും നടന്നു. സ്റ്റേജ് രണ്ട് അലൻ കുർദിയിൽ അരങ്ങേറിയ മൈം ആസ്വാദക ശ്രദ്ധ നേടി. പൗരത്വ നിയമ ഭേദഗതിക്കെതിരായ അതിജീവനവും കേരളം അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളും മൈമിന്‍റെ പ്രമേയമായത് കാഴ്ച്ചകാർക്ക് നവ്യ അനുഭവമായി. ഇനി നടക്കാനുള്ള മൽസരങ്ങളുടെ ഫലമാകും കലോത്സവത്തിന്‍റെ വിജയികളെ തിരഞ്ഞെടുക്കുക. അതുകൊണ്ട് തന്നെ ഇനിയുള്ള മത്സരങ്ങൾ മാർ ഇവാനിയോസിനും യൂണിവേഴ്സിറ്റി കോളേജിനും വളരെ നിർണ്ണായകമാണ്.