തിരുവനന്തപുരം: സിനിമ, കാഴ്ചയുടെ കലയെന്ന് പ്രശസ്ത അർജന്‍റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസ് പറഞ്ഞു. ഇരുപത്തി നാലാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ആജീവനാന്ത പുരസ്കാരം നേടിയ സംവിധായകനാണ് സൊളാനസ്. സംഗീതം കാതുകളിലൂടെ ആസ്വാദനം നല്‍കുന്നത് പോലെയാണ് സിനിമ കാഴ്ചയിലൂടെ അനുഭവവേദ്യമാകുന്നത്. സാങ്കേതിക വിദ്യയുടെ പുതിയ കാലത്ത് മൊബൈൽ ഫോണുകൾ ഉപയോഗിച്ച് വരെ സിനിമ നിർമ്മിക്കാനാകുമെന്ന സാഹചര്യമാണ്. സിനിമയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ഗുണകരമാണ്.
ധാരാളം ഹ്രസ്വചിത്രങ്ങൾ ഇത്തരത്തിൽ പുറത്തു വരികയും മികച്ച അഭിപ്രായം നേടുകയും ചെയ്യുന്നു. സിനിമ കാണുന്നതിനും ഇപ്പോൾ നാം മൊബൈൽ ഫോണുകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഗുണത്തോടൊപ്പം ഇതിന്റെ ദോഷവശങ്ങളും കാണേണ്ടതുണ്ടെന്നും രാജ്യാന്തര മേളയിൽ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും സൊളാനസ് പറഞ്ഞു.