തിരുവനന്തപുരം: രാജ്യത്തെ വിവിധ പരീക്ഷ ബോർഡുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി സർട്ടിഫിക്കറ്റ് വിതരണം ചെയ്‌ത കേസിൽ അറസ്റ്റിലായ പ്രതിയെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡൽഹി സ്വദേശി അവിനാഷ് റോയി വർമയെ സൈബർ പൊലീസിന്‍റെ ആവശ്യപ്രകാരമാണ് കസ്റ്റഡിൽ വിട്ടത്. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കേരള പിഎസ്‌സിയുടെ വെബ്‌സൈറ്റിൽ വരെ പ്രതി തട്ടിപ്പ് നടത്താൻ ശ്രമിച്ചു. പ്രതി തട്ടിപ്പിനായി ഉപയോഗിച്ച ഡിജിറ്റൽ തെളിവുകൾ, തട്ടിപ്പ് നടത്തിയ രീതികൾ എന്നിവ കണ്ടുപിടിക്കാൻ ശാസ്‌ത്രീയ അന്വേഷണത്തിന്‍റെ ഭാഗമായാണ് മൂന്നു ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിജു.കെ.എൽ.നായർ നൽകിയ കസ്റ്റഡി അപേക്ഷയിൽ പറയുന്നു. കേരള പിഎസ്സി, പരീക്ഷ ഭവൻ, കേരള ഹയർസെക്കൻഡറി, കൊച്ചിൻ സർവകലാശാല, ഡൽഹി യൂണിവേഴ്‌സിറ്റി, അസം പരീക്ഷ ബോർഡ് തുടങ്ങി ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥപനങ്ങളുടെ വ്യാജ വെബ് സൈറ്റുകൾ നിർമ്മിച്ചാണ് പ്രതി തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. പ്രതിയെ ഈ മാസം 16 വരെ റിമാൻഡ് ചെയ്‌തിരുന്നു.