തിരുവനന്തപുരം: അടച്ചുപൂട്ടിയ വേളിയിലെ ഇംഗ്ലീഷ് ഇന്ത്യൻ ക്ലേ ഫാക്‌ടറി തുറക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികളുടെ സമരം. മുന്നറിയിപ്പില്ലാതെ കമ്പനി പൂട്ടിയതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണെന്ന് തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഓണക്കാലത്ത് തൊഴിലാളികൾ ബോണസ് കിട്ടുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി കമ്പനി പൂട്ടിയത്. അസംസ്‌കൃത വസ്‌തുക്കൾ കിട്ടാനില്ലെന്ന കാരണം പറഞ്ഞാണ് ഫാക്‌ടറി അടച്ചുപൂട്ടിയത്. തെരഞ്ഞെടുപ്പ് കാലത്തും ഫാക്ടറി പൂട്ടിയിട്ടിരിക്കുകയാണ്.
കമ്പനി തുറക്കണമെന്നാവശ്യപ്പെട്ട് ഓഗസ്റ്റ് പത്ത് മുതലാണ് തൊഴിലാളികൾ സമരം തുടങ്ങിയത്. ട്രേഡ് യൂണിയനും കമ്പനിയും തമ്മിലുള്ള ധാരണ പ്രകാരം ലഭിക്കേണ്ട നാലുവർഷത്തെ ആനുകൂല്യങ്ങളും കിട്ടിയിട്ടില്ല. അസംസ്‌കൃത വസ്‌തുക്കൾ കിട്ടാനില്ലെന്ന പരാതി പരിഹരിക്കാൻ സർക്കാർ ഇടപെട്ടിരുന്നു. ക്ലേ ലഭിക്കാനാവശ്യമായ മൈനിങ്ങിന് പ്രത്യേക അനുമതി നൽകുകയും ചെയ്‌തു.
പിന്നീട് നടന്ന നിരന്തര ചർച്ചകളുടെ ഫലമായി കമ്പനിയുടെ തോന്നയ്ക്കലിലെ പ്ലാന്‍റ് ഒരു മാസം മുമ്പ് തുറന്ന് പ്രവർത്തനം പുനരാരംഭിച്ചു. അതേസമയം വേളിയിലെ പ്ലാന്‍റ് തുറക്കാത്തതിനാൽ ഭൂരിഭാഗം തൊഴിലാളികളും തൊഴിലും വരുമാനവുമില്ലാതെ ബുദ്ധിമുട്ടുകയാണ്. ഡിസംബർ പത്തിന് മാനേജ്മെന്‍റും ട്രേഡ് യൂണിയൻ നേതാക്കളും തമ്മിൽ വീണ്ടും ചർച്ച നടത്തുന്നുണ്ട്. അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.