തിരുവനന്തപുരം: ബെവ് ക്യൂ മദ്യ വിതരണ ആപ്പ് തകരാറിലായതിനെ തുടര്‍ന്ന് ബദല്‍ മാര്‍ഗങ്ങള്‍ ആരായാന്‍ എക്‌സൈസ് മന്ത്രി ഉന്നതതല യോഗം വിളിച്ചു. സര്‍ക്കാര്‍ ഉദ്ദേശിച്ച നിലയിലുള്ള മദ്യ വിതരണം നടത്താനാകാത്ത വിധം ആപ്പ് പ്രവര്‍ത്തന രഹിതമാണ് എന്നാണ് സര്‍ക്കാരിന്‍റെ പ്രാഥമിക വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ ഫെയര്‍കോഡിനെ ഒഴിവാക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്നാണ് സൂചന. ഉച്ചയ്ക്കു ശേഷം നടക്കുന്ന യോഗത്തില്‍ ഫെയര്‍ കോഡിന്‍റെ പ്രതിനിധികളോട് പങ്കെടുക്കാന്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചു. ഇതിനു പുറമേ ബിവറേജസ് കോര്‍പറേഷന്‍ എം.ഡി, എക്‌സൈസ് കമ്മിഷണര്‍, ബാറുടമ പ്രതിനിധികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാത്തതടക്കമുള്ള നിരവധി ന്യൂനതകളാണ് ബെവ്‌കോ ആപ്പിലുള്ളതായി വ്യാപക ആക്ഷേപമുയര്‍ന്നിരിക്കുന്നത്. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ കഴിയാത്തതു കാരണം ഭൂരിപക്ഷം ബെവ്‌കോ ഔട്ട് ലെറ്റുകളും ബാറുകളും ബില്ലടിച്ചാണ് മദ്യം വിതരണം ചെയ്യുന്നത്. ഫെയര്‍ കോഡിന് ആപ്പ് നിര്‍മിക്കാനുള്ള അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിനിടെ ബെവ്ക്യൂ ആപ്പുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഫെയര്‍ കോഡിന്‍റെ ഫേസ് ബുക്ക് പേജില്‍ നിന്ന് കമ്പനി നീക്കം ചെയ്തു. ആപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ അവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് കമ്പനി അറിയിച്ചിരുന്നത്. ബെവിക്യൂ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്കും ഫെയര്‍ കോഡ് നീക്കം ചെയ്തു.