തിരുവനന്തപുരം: ആറ്റിങ്ങലിൽ 500 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അന്വേഷണസംഘത്തെ വിപുലീകരിച്ചു. എക്സൈസ് അസിസ്റ്റന്‍റ് കമ്മിഷണർ ജി.ഹരി കൃഷ്ണപിള്ളയുടെ നേതൃത്വത്തിലാണ് 25 പേരെ ഉൾപ്പെടുത്തി അന്വേഷണ സംഘം വിപുലീകരിച്ചത്. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടവരെ മുഴുവൻ പുറത്തു കൊണ്ടുവരുന്നതിനായാണ് എക്സൈസിന്‍റെ ശ്രമം. കേസുമായി ബന്ധപ്പെട്ടവരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി അന്വേഷണസംഘം മൈസൂരിൽ എത്തി വിവരങ്ങൾ ശേഖരിക്കും.
മൈസൂരിൽ സ്ഥിരതാമസമായ കോഴിക്കോട് സ്വദേശി ജിതിൻ രാജാണ് പഞ്ചാബിലെ രാജുഭായ് എന്ന ആളിൽ നിന്ന് കഞ്ചാവ് വാങ്ങിയതെന്നാണ് എക്സൈസിന് ലഭിച്ച വിവരം. മൈസൂരിൽ റെയ്യ്ഡ് കർശനമാക്കിയതോടെയാണ് ചിറയിൻകീഴിലെ ഗോഡൗണിൽ സൂക്ഷിക്കാനായി കഞ്ചാവ് എത്തിച്ചത്. ഇതിനിടയിലാണ് എക്സൈസ് സംഘത്തിന്‍റെ പിടിയിൽ സംഘം പെട്ടത്. കർണാടകയിൽ നിന്നുള്ള നർക്കോട്ടിക് സെൽ ഉദ്യോഗസ്ഥർ കേരളത്തിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുഴുവൻ കഞ്ചാവ് എത്തിക്കുന്ന സംഘമാണ് ഇതിന് പിന്നിലെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഇത്. കഞ്ചാവ് കടത്തിക്കൊണ്ടുവന്ന ലോറി ഡ്രൈവർ കുൽദീപ് സിംഗ്, ക്ലീനറായ കൃഷ്ണ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നടപടികളും എക്സൈസ് ആരംഭിച്ചു.
കൂടുതൽ വായിക്കാൻ: തലസ്ഥാനത്തെ കഞ്ചാവ് കടത്ത്; പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് എക്സൈസ്