മുംബൈ: മഹാരാഷ്‌ട്രയിലെ കാവല്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയെ താനെ ജൂപ്പിറ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാധാരണ പരിശോധനകള്‍ക്ക് വേണ്ടിയാണോ അതോ എന്തെങ്കിലും ഗൗരവമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഷിന്‍ഡെയ്ക്കുണ്ടോയെന്ന് വ്യക്തമല്ല.
താനെയിലെ വസതിയിലേക്ക് പോകും മുമ്പ് പൂര്‍ണ ആരോഗ്യവാനായിരുന്നുവെന്നാണ് ഷിന്‍ഡെ പറഞ്ഞത്. എന്നാല്‍ മുംബൈയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട ഷിന്‍ഡെയുടെ വാഹനവ്യൂഹം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് വഴി മാറി പോകുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാത്തതിനാല്‍ അദ്ദേഹം വീട്ടില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം ഡെങ്കിപ്പനി പരിശോധന നടത്തിയിരുന്നെങ്കിലും രോഗം ഇല്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
എംഎല്‍എമാരുമായുള്ള ഒരു യോഗത്തില്‍ പങ്കെടുക്കാനായി പോകാനിരുന്നതാണ് ഷിന്‍ഡെ. സ്വന്തം ഗ്രാമമായ ദാരയില്‍ പോയതോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യനില മോശമായത്. ഉടന്‍ തന്നെ ജുപ്പിറ്റര്‍ ആശുപത്രിയില്‍ നിന്നുള്ള ഡോക്‌ടര്‍മാരെ വിളിച്ചുവരുത്തി. സിടി സ്‌കാനും എംആര്‍ഐയും രക്തപരിശോധനയും നടത്തി.
തിങ്കളാഴ്‌ച മുതല്‍ നിരവധി സമാജികര്‍ ഷിന്‍ഡെയുടെ വസതിയായ ശുഭദീപില്‍ എത്തിച്ചേര്‍ന്നിരുന്നു. എന്നാല്‍ പലര്‍ക്കും മോശം ആരോഗ്യസ്ഥിതിയിലായതിനാല്‍ അദ്ദേഹത്തെ കാണാനായില്ല. ഗിരീഷ് മഹാജനും രാഹുല്‍ ഷെവെലെയും അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി.
മഹാരാഷ്‌ട്രയിലെ അടുത്ത മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ഒരുക്കങ്ങള്‍ സംബന്ധിച്ചാണ് താനുമായി കൂടിക്കാഴ്‌ച നടത്തിയതെന്ന് മഹാജന്‍ പറഞ്ഞു. മഹായുതി സഖ്യത്തില്‍ നേതാക്കള്‍ തമ്മില്‍ യാതൊരു തര്‍ക്കങ്ങളുമില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാതെ ഇരിക്കുന്ന ഏക്‌നാഥ് ഷിന്‍ഡെയെ കാണാനാണ് താന്‍ ഇവിടെ വന്നത്. ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നങ്ങളുമില്ല. ഒരു മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തി. സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അത് തങ്ങള്‍ ഒത്തൊരുമിച്ച് ചെയ്യാന്‍ പോകുകയാണ്.
#WATCH | Thane: On being asked about his health condition, Maharashtra Caretaker CM Eknath Shinde says " badhiya hai." pic.twitter.com/EvejRPRkbP
— ANI (@ANI) December 3, 2024
തന്‍റെ ആരോഗ്യനില മെച്ചപ്പെട്ട് വരുന്നതായി ഷിന്‍ഡെ എഎന്‍ഐയോട് പറഞ്ഞതായി അവര്‍ ട്വീറ്റ് ചെയ്‌തു. അതേസമയം ഷിന്‍ഡെയും മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന ദേവേന്ദ്ര ഫട്‌നാവിസും അജിത് പവാറും മറ്റ് മഹായുതി നേതാക്കളും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്‌ച നടത്തിയിരുന്നു. മുഖ്യമന്ത്രി പദം സംബന്ധിച്ച അനിശ്ചിതത്വം ഒഴിവാക്കാനായിരുന്നു ചര്‍ച്ച.
കഴിഞ്ഞമാസം 23ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വം നല്‍കുന്ന മഹായുതി മൃഗീയഭൂരിപക്ഷത്തോടെ വിജയം കൊയ്‌തിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമതീരുമാനമെടുക്കാന്‍ സഖ്യത്തിന് ഇനിയും കഴിഞ്ഞിട്ടില്ല. 280 അംഗ നിയമസഭയില്‍ 132 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയിരുന്നു. സഖ്യകക്ഷികളായ ശിവസേന(ഷിന്‍ഡെ), എന്‍സിപി(അജിത് പവാര്‍)യും യഥാക്രമം 57ഉം 41ഉം സീറ്റുകള്‍ വീതം നേടിയിരുന്നു.
മഹാവികാസ് അഘാടി സഖ്യത്തിന് കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പിലുണ്ടായത്. കോണ്‍ഗ്രസ് പതിനാറ് സീറ്റ് നേടിയപ്പോള്‍ ശിവസേന (യുബിടി)യും എന്‍സിപി(എസ്‌സിപി)യഥാക്രമം 20ഉം പത്തും സീറ്റുകളും നേടി.