തിരുവനന്തപുരം: ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളം മത്സരം ചൂട് പിടിക്കുന്നതിനിടയിലാണ് ഒരു ബാഗും പിടിച്ച് സദസിൽ ഇരുന്ന് താളം പിടിക്കുന്ന ഒരു വായോധികൻ ശ്രദ്ധയിൽപ്പെട്ടത്. കൊമ്പും കുഴലും ഇലത്താളവും ചെണ്ടയ്ക്ക് ഒത്ത് സമാസമം മേളത്തിന് കൊഴുപ്പേകുമ്പോൾ ഒരോ സംഘത്തിന്‍റെ മേളം കഴിയുമ്പോഴും ഒരു കൂട്ടം കലാകാരോടൊപ്പം ചെണ്ട മുറുക്കാനും കൊമ്പ് കെട്ടാനും നിർദേശം നൽകാനുമൊക്കെ ഒരാൾ കൂട്ട് ചേരുന്നു.
ആരാണ് അയാൾ എന്ന അന്വേഷണത്തിലാണ് ആള് ചില്ലറക്കാരനല്ലെന്ന് തിരിച്ചറിഞ്ഞത്. 68-കാരനായ കൊയിലാണ്ടി സ്വദേശി രവീന്ദ്രൻ കളിപ്പുരയിൽ. കഴിഞ്ഞ 30 വർഷമായി കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്‌കൂൾ വാദ്യ സംഘത്തോടൊപ്പമുണ്ട്. ഒരു വാദ്യോപകരണവും രവീന്ദ്രൻ പഠിച്ചിട്ടില്ല. എന്നാല്‍ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ ടീം സെറ്റാക്കുന്നതില്‍ മുഖ്യപങ്കാണ് ഇദ്ദേഹത്തിനുള്ളത്. മേളം ഒരു ക്ഷേത്ര കലയാണ് എന്നതിനാൽ തന്നെ അതിൽ താത്‌പര്യമുള്ള കുട്ടികളെ കണ്ടെത്തി മേള സംഘത്തെ രൂപപെടുത്തുക എന്ന ചുമതല കാലം നോക്കാതെ കൊണ്ട് പോവുകയാണ് അയാൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കലയോട് താത്‌പര്യമുള്ള കുട്ടികളെ ആദ്യം കണ്ടെത്തും. പക്ഷെ സ്‌കൂളുമായി രവീന്ദ്രൻ ബന്ധപ്പെടാറില്ല. രക്ഷിതാക്കളെ കണ്ട് വിദ്യാർഥികളെ ഒരുക്കും. അതനുസരിച്ച് കുട്ടികളെ സജ്ജമാക്കും. പൂർവ വിദ്യാർഥികൾ പഠിപ്പിക്കും, അതാണ് രവീന്ദ്രൻ സ്‌റ്റൈൽ. കുട്ടികളെ നല്ല വഴിയിൽ നടത്താനാവും എന്ന പ്രതീക്ഷയാണ് ചെണ്ട സംഘത്തെ കൊണ്ട് നടക്കുന്നതിലൂടെ രവീന്ദ്രൻ ലക്ഷ്യമിടുന്നത്. "ഇതുവരെ ഒരു കലോത്സവവും മുടക്കിയിട്ടില്ല.സ്കൂളുകള്‍ താല്‍പ്പര്യമെടുത്തില്ലെങ്കിലും ചെണ്ട വാദ്യത്തിന് കുട്ടികളെ സംഘടിപ്പിക്കേണ്ടത് എന്‍റെ കടമയായി കാണുന്നു. ഒരു പക്ഷേ ഞാന്‍ ഉള്ളതു കൊണ്ടാകാം സ്കൂളുകാര്‍ വലിയ താല്‍പ്പര്യമെടുക്കാത്തത്. എന്തായാലും ഇങ്ങിനെ കുട്ടികളെ ചെണ്ട മേളത്തിന്‍റെ ലോകത്തേക്ക് തിരിച്ചു വിടുന്നതിലൂടെ ചെറുപ്പക്കാര്‍ വഴി തെറ്റിപ്പോകുന്നത് ഒഴിവാക്കാമല്ലോ. ഇന്ന് ഈ സംഘം നിരവധി സ്കൂളുകളില്‍ മേളം അവതരിപ്പിച്ചിട്ടുണ്ട്. സംഘത്തിലെ നിരവധി കുട്ടികള്‍ നല്ല നിലയില്‍ ജോലി കിട്ടി പോകുന്നിമുണ്ട്. അതൊക്കെ കാണുമ്പോള്‍ ഒരു സന്തോഷം. " രവീന്ദ്രന്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.
സ്‌കൂൾ കലോത്സവങ്ങൾക്കപ്പുറം കൊല്ലൂർ മൂകാംബിക ഉള്‍പ്പെടെ വിവിധ അമ്പലങ്ങളില്‍ ഈ ചെണ്ടസംഘത്തെ നിയന്ത്രിച്ച് കൊണ്ടുപോകുന്ന രവീന്ദ്രൻ പുതുതലമുറയെ വാർത്തെടുക്കുകയാണ്. കലോത്സവങ്ങളിലൊക്കെയും മുൻനിരയിൽ തന്നെ രവീന്ദ്രന്‍റെ കുട്ടിസംഘം ഉണ്ടാവാറുണ്ട്.
അതേസമയം ഇത്തവണയും ഹയർ സെക്കൻഡറി, ഹൈ സ്‌കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയാണ് അവർ മടങ്ങിയത്. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇടം തലയിൽ ശ്രീഹരിയും വലം തലയിൽ യദു കൃഷ്‌ണയും റിഹൻ അഭിൻ കൊമ്പിലും ആദിത്യനും അലോകും ഇലത്താളത്തിലും അക്ഷത് കുഴലിലും ആണ് മേളത്തിൽ വേദിയിൽ എത്തിയത്.മാനേജറായി രവിയേട്ടനുള്ളപ്പോള്‍ കൊയിലാണ്ടി സ്കൂളിലെ കുട്ടികള്‍ ചെണ്ട മേളത്തില്‍ അപരാജിതരാണ്.