റിലീസിന് മുമ്പ് തന്നെ ചരിത്രം കുറിക്കാനൊരുങ്ങി അല്ലു അര്‍ജുന്‍റെ 'പുഷ്‌പ 2: ദി റൂള്‍'. സിനിമയുടെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരുന്നു. അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് മണിക്കൂറുകള്‍ക്കകം തന്നെ രണ്ട് കോടിയിലധികം പ്രീ സെയില്‍സ് കളക്‌ട് ചെയ്‌തിരുന്നു.
ഇതിന് പിന്നാലെ മറ്റൊരു നേട്ടവും ചിത്രം സ്വന്തമാക്കിയിരിക്കുയാണ്. 500ലധികം സ്‌ക്രീനുകളിലാണ് 'പുഷ്‌പ 2 ദി റൂള്‍' കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. തെലുങ്കിലെ ഒരു താരത്തിനും ലഭിക്കാത്ത ഗംഭീര ഓപ്പണിംഗ് ആണ് അല്ലു അര്‍ജുന് കേരളത്തില്‍ നിന്നും ലഭിച്ചിരിക്കുന്നത്.
ഇക്കാര്യം 'പുഷ്‌പ 2' ടീം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. "മല്ലു അർജുൻ കേരളം ഭരിക്കുന്നു. പുഷ്‌പ 2 ദി റൂള്‍ കേരളത്തിൽ 500ല്‍ അധികം സ്‌ക്രീനുകളില്‍ എത്തുന്നു. ബുക്കിംഗ് ആരംഭിച്ചു. നിങ്ങളുടെ ടിക്കറ്റുകൾ ഇപ്പോൾ സ്വന്തമാക്കൂ! ഡിസംബര്‍ 5 മുതല്‍ പുഷ്‌പ ദി റൂള്‍ തിയേറ്ററുകളില്‍." - പുഷ്‌പ ടീം കുറിച്ചു.
പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളില്‍ എത്തുന്നത്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ 12,000 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുക. ഇതിനോടകം തന്നെ മികച്ച അഡ്വാന്‍സ് ബുക്കിംഗാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് അടുത്തിടെയാണ് അല്ലു അര്‍ജുനും രശ്‌മിക മന്ദാനയും കൊച്ചിയിലെത്തിയത്. കൊച്ചിയിലെത്തിയ താരങ്ങള്‍ക്ക് വൻ സ്വീകരണമാണ് ലഭിച്ചത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും, സിനിമ പ്രമോഷൻ വേദിയൊരുക്കിയ ഗ്രാന്‍റ് ഹയാത്തിലും സിനിമ പ്രേമികളും ആരാധകരും ഉൾപ്പടെ വൻ ജനാവലിയാണ് തടിച്ച് കൂടിയത്.
മലയാളത്തില്‍ സംസാരിച്ച് കൊണ്ടായിരുന്നു അല്ലു അര്‍ജുന്‍ കൊച്ചിയെ അഭിസംബോധന ചെയ്‌തത്. "എല്ലാ മലയാളികള്‍ക്കും നമസ്‌കാരം" എന്ന് പറഞ്ഞ താരത്തിന് വേദിയില്‍ നിന്നും നിലയ്‌ക്കാത്ത കയ്യടികളും ആരവങ്ങളുമാണ് ലഭിച്ചത്. 'പുഷ്‌പ 2: ദ റൂളി'ന് മലയാളവുമായുളള ബന്ധത്തെ കുറിച്ചും അല്ലു അര്‍ജുന്‍ വാചാലനായിരുന്നു.
അടുത്തിടെയാണ് 'പുഷ്‌പ'യുടെ ട്രെയിലര്‍ റിലീസ് ചെയ്‌തത്. 'പുഷ്‌പ ഇനി നാഷണല്‍ അല്ല, ഇന്‍റർനാഷണൽ!' എന്ന ഡയലോഗുമായി എത്തിയ ട്രെയിലർ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ആദ്യ ഭാഗത്തേക്കാൾ പതിന്‍മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയിനറായാണ് രണ്ടാം ഭാഗം എത്തുന്നതെന്ന് അടിവര ഇടുന്നതായിരുന്നു ട്രെയിലർ.
പുഷ്‌പരാജായി അല്ലു അർജ്ജുനും ഭൻവർ സിംഗ് ഷെഖാവത്തായി ഫഹദ് ഫാസിലും രണ്ടാം ഭാഗത്തിൽ തകര്‍ക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. മാസ് ഡയലോഗുകളും കളർഫുൾ ദൃശ്യമികവും മാസ്‌മരിക സംഗീതവും കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ വിരുന്നും എല്ലാം ഉള്‍ക്കൊള്ളിച്ചുള്ള ഒരു കംപ്ലീറ്റ് പാക്കേജായിരിക്കും രണ്ടാം ഭാഗമെന്നാണ് ഏവരുടെയും പ്രതീക്ഷ.
തെലുങ്കാനയുടെ മണ്ണിൽ നിന്നും പുഷ്‌പരാജിനെ കേരളത്തിലെത്തിക്കാൻ കച്ചമുറുക്കിയിരിക്കുകയാണ് ഇ ഫോർ എന്‍റർടെയിന്‍മെന്‍റ്‌സ്. റിലീസിന് ഒരു മാസം മുമ്പ് തന്നെ കേരളത്തിലെ പുഷ്‌പ 2 ഫാൻസ് ഷോ ടിക്കറ്റുകൾ വിറ്റ് തീർന്നിരുന്നു.
ഡിസംബർ അഞ്ച് മുതൽ കേരളക്കരയിലെ തിയേറ്ററുകളിൽ 24 മണിക്കൂറും ചിത്രം പ്രദർശനമുണ്ടാകുമെന്നാണ് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് സാരഥി മുകേഷ് ആർ മേത്ത അറിയിച്ചത്. തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിംഗ് മാമാങ്കത്തിനാണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാർ റൈറ്റിംഗ്‌സും പദ്ധതിയിടുന്നത്.