തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ഇന്ന്(26.09.2022) കോടതിയിൽ ഹാജരാകും. തിരുവനന്തപുരം ചീഫ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാകുക. കേസിലെ മൂന്നാം പ്രതിയാണ് ജയരാജൻ.
കുറ്റപത്രം വായിച്ച് കേൾക്കുന്നതിനായാണ് ജയരാജൻ കോടതിയിൽ ഹാജരാകുന്നത്. കേസിൽ പ്രതികളായ മന്ത്രി വി ശിവൻകുട്ടി അടക്കം അഞ്ച് പേർ സെപ്റ്റംബർ 14ന് കോടതിയിൽ നേരിട്ടെത്തി കുറ്റപത്രം വായിച്ചുകേട്ടിരുന്നു. എന്നാൽ അസുഖം കാരണമാണ് അന്ന് ജയരാജൻ ഹാജരാകാതിരുന്നത്.
ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ നേരിട്ട് ഹാജരാകണമെന്ന് ഇ പി ജയരാജന് കോടതി നിർദേശം നൽകിയിരുന്നു. പ്രതികളെ കുറ്റപത്രം വായിച്ചുകേൾപ്പിച്ച ശേഷമാണ് വിചാരണ നടപടികൾ ആരംഭിക്കുന്നത്. 2015 മാർച്ച് 13നായിരുന്നു കേസിന് ആസ്‌പദമായ സംഭവം.
കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരായ ഇടതുപക്ഷ എം.എൽ.എമാരുടെ പ്രതിഷേധം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. 2.20 ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് കേസ്. കേസിലെ പ്രധാന തെളിവായ കൈയാങ്കളിയുടെ ദൃശ്യങ്ങളുടെ പകർപ്പും പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദേശം നൽകിയിട്ടുണ്ട്.