തിരുവനന്തപുരം: നാല് വർഷത്തെ നിക്ഷേപക്കുടുക്കയിലെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി വിദ്യാർഥി. തിരുവനന്തപുരം സിഇടി എഞ്ചിനീയറിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ ജ്വാലയാണ് കുടുക്കയിൽ കൂട്ടിവെച്ച തുക കൊവിഡ് പ്രതിരോധത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ ഔദ്യോഗിക വസതിയിലെത്തിയാണ് തുക കൈമാറിയത്.
വീട്ടിൽ നിന്നും പല ആവശ്യങ്ങൾക്കായി നൽകിയ തുക കൂട്ടിവെച്ചതും വിഷുക്കൈനീട്ടവും ചേർത്ത് 2,222 രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. വിദ്യാർഥികൾ തങ്ങളുടെ കൈനീട്ടം ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അഭ്യർഥിച്ചിരുന്നു.