തിരുവനന്തപുരം: ഇടമലക്കുടി വനമേഖലയിൽ കടുവയുടെ ആക്രമണത്തിനിരയായ കുട്ടിയാനയെ കോട്ടൂർ ആന പരിപാലന കേന്ദ്രത്തില്‍ എത്തിച്ചു. കഴിഞ്ഞ ഏപ്രിൽ 19-നാണ് ഇടമലക്കുടിയിലെ ഇഡ്ഡലിപ്പാറക്കുടിക്ക് സമീപം ഇടലിയാറിനോട് ചേർന്ന് 25 വയസുള്ള പിടിയാനയെയും 10 മാസം പ്രായമുള്ള കുട്ടിക്കൊമ്പനെയും കടുവ ആക്രമിച്ചത്.
ആനയുടെ ബഹളം കേട്ടെത്തിയ ആദിവാസികൾ കടുവയെ ഓടിച്ച ശേഷം കുട്ടിയാനയെ രക്ഷപ്പെടുത്തി. ആദിവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും സ്ഥലത്തെത്തിയെങ്കിലും തള്ളയാനയെ രക്ഷിക്കാനായില്ല. ആദിവാസികളാണ് കുട്ടിയാനയ്ക്ക് രാജു എന്ന് പേരിട്ടത്.
കൂടുതൽ വായനയ്ക്ക്: ഇടുക്കിയിലെ മങ്കടയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു
ശരീരത്ത് മുറിവുകളുമായി കിടന്ന രാജുവിനെ വനം വകുപ്പ് ഉദ്യോഗസ്ഥർ മൂന്നാറിലെ സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു. തുടർന്നാണ് കോട്ടൂരിൽ എത്തിച്ചത്. കടുവയുടെ ആക്രമണത്തിൽ കുട്ടിയാനയുടെ ശരീരത്ത് ആറ് ഗുരുതര മുറിവുകളാണ് ഉണ്ടായത്. ആന്‍റിബയോട്ടിക്കുകൾ ഉൾപ്പെടെയുള്ള മരുന്നുകളാണ് ചികിത്സക്കായി നൽകുന്നത്. കൂടാതെ പാൽ ഉൾപ്പെടെയുള്ള ആഹാരവും നൽകുന്നുണ്ട്. നാല് മുറിവുകൾ ഭേദമായി. മുതുകിലെ രണ്ടുമുറിവുകൾ മാത്രമാണ് ഇനി ഭേദമാകാനുള്ളത്.