തിരുവനന്തപുരം: സംസ്ഥാനത്തെ പോളിങ് ബൂത്തുകളിൽ ഇരട്ട വോട്ടുകൾ പോൾ ചെയ്യപ്പെടാതിരിക്കാൻ നടപടികളുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ. എല്ലാ ബൂത്തിലെയും വോട്ടർ പട്ടിക പരിശോധിച്ച കലക്‌ടർമാരുടെ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഇന്ന് സമർപ്പിക്കും. വോട്ടർ പട്ടികയിലെ ഇരട്ടിപ്പുകളും മറ്റും കണ്ടെത്താൻ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ സോഫ്റ്റ്‌വെയറായ ഇറോനെറ്റാണ് ഉപയോഗിക്കുന്നത്.
ഇറോനെറ്റിന്‍റെ ഡീ ഡ്യൂപ്ലിക്കേഷൻ സംവിധാനം ഉപയോഗിച്ച് പട്ടികയിലെ ഇരട്ടിപ്പുകൾ ഒഴിവാക്കും. അതോടൊപ്പം ബൂത്ത് ലെവൽ ഓഫീസർമാരുടെ നേരിട്ടുള്ള പരിശോധനയിലൂടെയും ഇരട്ട വോട്ടുകൾ കണ്ടെത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. ഇരട്ട വോട്ടുകൾ പ്രത്യേകം അടയാളപ്പെടുത്തിയ വോട്ടർ പട്ടിക തെരഞ്ഞെടുപ്പ് സാമഗ്രികൾ വിതരണം ചെയ്യുമ്പോൾ പ്രിസൈഡിംഗ് ഓഫീസർമാർക്ക് കൈമാറും.
ആവർത്തന പട്ടികയുടെ പകർപ്പ് എല്ലാ രാഷ്‌ട്രീയ പാർട്ടികൾക്കും നൽകും. ഇരട്ട വോട്ട് ഉള്ളവർക്ക് നിലവിൽ താമസിക്കുന്ന പ്രദേശത്തെ ബൂത്തിൽ മാത്രം വോട്ട് ചെയ്യാം. ഇരട്ട വോട്ടുകൾ കൂടുതൽ ഉള്ള ബൂത്തുകളിൽ മുഴുവൻ സമയം വെബ്‌കാസ്റ്റിങ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.