തിരുവനന്തപുരം: പീഡന കേസിലെ പരാതിക്കാരിയെ മർദിച്ച കേസില്‍ എൽദോസ് കുന്നപ്പിള്ളി എംഎൽഎക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. ഈ മാസം 10നും 11നും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം, ഒരു ലക്ഷം രൂപയുടെ ജാമ്യ തുക അല്ലെങ്കിൽ തത്തുല്യമായ ജാമ്യക്കാർ, രാജ്യമോ, സംസ്ഥാനമോ വിട്ടു പോകരുത്, സാക്ഷിയെ സ്വാധീനിക്കാൻ പാടില്ല എന്നീ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.
മർദന കേസിൽ എൽദോസ് കുന്നപ്പിള്ളി മാത്രമായിരുന്നു മുൻകൂർ ജാമ്യ അപേക്ഷ നൽകിയത്. അഭിഭാഷകർക്കെതിരെ റിപ്പോർട്ട് മാത്രം ഉള്ളതിനാല്‍ ജാമ്യ അപേക്ഷ പരിഗണിച്ചിരുന്നില്ല. സ്‌ത്രീത്വത്തെ അപമാനിക്കൽ, വ്യാജ രേഖ ചമയ്ക്കൽ, മർദനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് വഞ്ചിയൂർ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
നേരത്തെ പീഡന കേസിലും എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇതേ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.