തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്‍റ് പ്രസിദ്ധീകരിച്ചതിന് പിന്നാലെ വിദ്യാഭ്യാസ വകുപ്പിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് പണിമുടക്കിയ സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. വെബ്‌സൈറ്റിലെ തകരാർ എത്രയും വേഗം പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ധാരാളം വിദ്യാർഥികൾ ഒരുമിച്ച് സൈറ്റിൽ കയറിയതാണ് വെബ്‌സൈറ്റ് തകരാറിലാകാൻ കാരണം. 31ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്‍റ് ലിസ്റ്റ് പരിശോധിച്ച് തിരുത്തലുകള്‍ നടത്താമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഈ സമയം നീട്ടേണ്ടിവരില്ലെന്നും അതിനുള്ളിൽ പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന്‍റെ www.admission.dge.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് ട്രയൽ അലോട്ട്മെന്‍റ് പട്ടിക പ്രസിദ്ധീകരിച്ചത്. വെബ്‌സൈറ്റ് തകരാർ മൂലം ഭൂരിഭാഗം വിദ്യാർഥികൾക്കും വിവരങ്ങൾ തേടാൻ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.