എറണാകുളം: സ്വർണക്കടത്ത് കേസിലെ സാമ്പത്തിക ഇടപാടിൽ മയക്കുമരുന്ന് മാഫിയാ ബന്ധങ്ങൾ തേടി എൻഫോഴ്സ്മെൻ്റ്. അന്വേഷണം ബെഗളൂരുവിലെ മയക്ക് മരുന്ന് കേസിലേക്കും വ്യാപിപ്പിക്കും. ഇതിനായി നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ കെ.ടി റമീസിനെയും ഇ.ഡി ചോദ്യം ചെയ്തേക്കും.
മയക്കുമരുന്ന് കേസിൽ ബെഗളൂരുവിൽ പിടിയിലായ പ്രതികളുടെ കേരളത്തിലെ ബന്ധങ്ങൾ വ്യക്തമായ സാഹചര്യത്തിലാണ് നടപടി. സ്വർണക്കടത്ത് കേസിൽ മയക്കുമരുന്ന് കേസ് പ്രതികൾ സാമ്പത്തിക ഇടപെടൽ നടത്തിയോയെന്ന് ഇ.ഡി വിശദമായി പരിശോധിക്കും. നേരത്തെ എൻ.സി.ബിയിൽ നിന്നും പ്രാഥമികമായ വിവരങ്ങൾ എൻഫോഴ്സ്മെൻ്റ് തേടിയിരുന്നു. ഈക്കാര്യം രേഖാമൂലം കോടതിയെയും എൻഫോഴ്സ്മെൻ്റ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ ചോദിച്ച് ഇ.ഡി. നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോക്ക് കത്തയച്ചത്.
മയക്കുമരുന്ന് കേസിൽ പിടിയിലായ അനൂപ് മുഹമ്മദിൻ്റെ ഫോണിൽ സ്വർണക്കടത്ത് കേസിലെ പ്രതികളുടെ നമ്പർ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഇരു സംഘങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന സംശയം ശക്തമായത്. അതേസമയം നയതന്ത്ര ചാനൽ വഴി മത ഗ്രന്ഥം എത്തിച്ചുവെന്ന ആരോപണത്തെ തുടർന്നാണ് മന്ത്രി കെ.ടി ജലീലിനെ ഇ.ഡി കഴിഞ്ഞ ദിവസം രണ്ടര മണിക്കൂർ ചോദ്യം ചെയ്‌തത്. എന്നാലിത് പ്രാഥമിക ചോദ്യം ചെയ്യലാണെന്നും മന്ത്രിയെ വീണ്ടും വിളിച്ച് വരുത്തണമോയെന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലന്നുമാണ് എൻഫോഴ്സ്മെൻ്റിൽ നിന്നും ലഭിക്കുന്ന വിവരം. സ്വർണക്കടത്ത് കേസിൽ പ്രിവൻഷൻ ഓഫ് മണി ലോണ്ടറിംഗ് ആക്‌ട്പ്രകാരമാണ് ഇ.ഡി അന്വേഷണം നടത്തുന്നത്.