തിരുവനന്തപുരം : തിരുവനന്തപുരം പാളയത്തെ സിഎസ്ഐ സഭ ആസ്ഥാനത്ത് എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) പരിശോധന. കാരക്കോണം മെഡിക്കല്‍ കോളജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് ഇ.ഡി രജിസ്റ്റര്‍ ചെയ്‌ത കേസിന്‍റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്. ഇതടക്കം മൂന്നിടങ്ങളില്‍ പരിശോധന നടക്കുകയാണ്.
സിഎസ്ഐ സഭ സെക്രട്ടറി ടി ടി പ്രവീണിന്‍റെ രണ്ട് വീടുകളിലും, കാരക്കോണം മെഡിക്കല്‍ കോളജ് ഡയറക്‌ടര്‍ ബെന്നറ്റ് എബ്രഹാമിന്‍റെ വസതിയിലുമാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. സഭയിലെ പല സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഇതിന് മുന്‍പ് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്.
സിഎസ്ഐ സഭയ്ക്ക് കീഴിലുള്ള മെഡിക്കൽ കോളജാണിത്. എംബിബിഎസ് സീറ്റ് വാഗ്‌ദാനം ചെയ്‌ത് നാല് പേരിൽ നിന്നായി 92.5 ലക്ഷം രൂപ വാങ്ങിയെന്നാണ് കേസ്. 2019 ഏപ്രിലിലാണ് കേസ് രജിസ്റ്റർ ചെയ്‌തത്.
സിപിഐ മുൻ സ്ഥാനാർഥി ഡോ. ബെന്നറ്റ് എബ്രഹാമാണ് കേസിലെ മുഖ്യപ്രതി. വിവാദമുണ്ടായ കാലത്ത് കോളജിന്‍റെ ഡയറക്‌ടറായിരുന്നു ഇദ്ദേഹം. അന്നത്തെ മെഡിക്കൽ കോളജ് കൺട്രോളർ ഡോ. പി തങ്കരാജൻ, മുൻ പ്രിൻസിപ്പാൾ ഡോ. പി മധുസൂദനൻ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.