തിരുവനന്തപുരം : വിജിലന്‍സ് പരിശോധനയ്ക്കിടെ മുങ്ങിയ ഡിവൈഎസ്‌പി വേലായുധന്‍ നായര്‍ക്ക് സസ്‌പെന്‍ഷന്‍. വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് നടപടി എടുത്തത്. പ്രതി നല്‍കിയ മൊഴിയിൽ വ്യക്തതയില്ലെന്നും ഇയാള്‍ പതിവായി തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിജിലന്‍സ് അന്വേഷണത്തില്‍ മനസിലായിരുന്നു.
ഇയാള്‍ ഗുരുതരമായ അച്ചടക്ക ലംഘനവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയതായി പ്രഥമ ദൃഷ്‌ട്യാ മനസിലായതിനെ തുടര്‍ന്നാണ് നടപടി. അഴിമതിക്കേസ് അട്ടിമറിക്കാന്‍ തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറിയില്‍നിന്ന് 50,000 രൂപ വാങ്ങി എന്നായിരുന്നു ഡിവൈഎസ്‌പിക്കെതിരേയുള്ള വിജിലന്‍സിന്‍റെ കണ്ടെത്തല്‍. തുടര്‍ന്ന് വിജിലന്‍സ് പരിശോധനയ്ക്കിടെ വീടിന്‍റെ പിന്നിലൂടെ ഡിവൈഎസ്‌പി മുങ്ങുകയായിരുന്നു.
വേലായുധന്‍റെ ബാങ്ക് രേഖകളും ഫോണും വിജിലന്‍സ് സംഘം നേരത്തേ പിടിച്ചെടുത്തിരുന്നു. അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കേണ്ട ചുമതല വഹിച്ചിരുന്ന സ്‌പെഷ്യല്‍ ഡിവൈഎസ്‌പി ആയിരുന്ന വേലായുധന്‍ നായര്‍ പത്തനംതിട്ട തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണനില്‍ നിന്നും പണം വാങ്ങിയെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. മുന്‍പ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതിയായിരുന്ന നാരായണനെ അഴിമതി കേസില്‍ നിന്ന് രക്ഷിക്കാനായി 50,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയാണ് വിജിലന്‍സ് അന്വേഷണ സംഘം പരിശോധിച്ചുവരുന്നത്.
അഴിമതി നിരോധന നിയമ പ്രകാരം കേസ്: വിജിലന്‍സ് ഡയറക്‌ടറുടെ നേരിട്ടുള്ള നിര്‍ദേശത്തെ തുടര്‍ന്നാണ് വേലായുധനെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കുകയും വീട്ടില്‍ വിജിലന്‍സ് സംഘം നേരിട്ടെത്തി പരിശോധിക്കുകയും ചെയ്‌തത്. വിജിലന്‍സ് എസ് പി അജികുമാറിന്‍റെ നേതൃത്വത്തിലായിരുന്നു വീട്ടില്‍ പരിശോധന നടത്തിയത്. വീട്ടിലെത്തിയ വിജിലന്‍സ് സംഘം ഡിവൈഎസ്‌പിയുടെയും മകന്‍റെയും ബാങ്ക് വിവരങ്ങള്‍ ശേഖരിക്കുകയും മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു.
എന്നാല്‍ മൊബൈല്‍ കസ്റ്റഡിയിലെടുക്കുന്നതിന്‍റെ രേഖകള്‍ ഒപ്പിട്ടുനല്‍കിയ ശേഷം അന്വേഷണ സംഘം വീടിന് പുറത്തിറങ്ങിയപ്പോഴാണ് ഡിവൈഎസ്‌പി മുങ്ങിയത്. തുടര്‍ന്ന് വീട്ടുകാരും അന്വേഷണ സംഘവും പരിസര പ്രദേശങ്ങളില്‍ പരിശോധന നടത്തിയെങ്കിലും വേലായുധനെ കണ്ടെത്താനായില്ല. സംഭവത്തില്‍ അന്വേഷണത്തിനിടെ വേലായുധന്‍ മുങ്ങിയതായി വിജിലന്‍സ് എസ് പി അജികുമാര്‍ കഴക്കൂട്ടം പൊലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ സംഭവത്തില്‍ വേലായുധന്‍റെ കുടുംബാംഗങ്ങളോ ബന്ധുക്കളോ പരാതി നല്‍കാത്തതിനാല്‍ കഴക്കൂട്ടം പൊലീസ് കേസെടുത്തിരുന്നില്ല.
വേലായുധനും അഴിമതിക്കേസും : അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കുന്ന വിജിലന്‍സിലെ സ്‌പെഷ്യല്‍ ഡിവൈഎസ്‌പിയാണ് വേലായുധന്‍. തിരുവല്ല മുനിസിപ്പാലിറ്റി സെക്രട്ടറി നാരായണന്‍ അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായിരുന്നു. നാരായണന്‍റെ കേസ് അന്വേഷിച്ചിരുന്നത് ഡിവൈഎസ്‌പി വേലായുധന്‍ ആണ്. കേസില്‍ അന്വേഷണം പുരോഗമിക്കവെ നാരായണനെതിരെയുണ്ടായിരുന്ന കേസ് അവസാനിപ്പിക്കാനായി 50,000 രൂപ വേലായുധന്‍ കൈപ്പറ്റുകയായിരുന്നു.
നാരായണന്‍റെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് കേസ് ഒതുക്കാന്‍ കൈക്കൂലി നല്‍കിയതിന്‍റെ തെളിവുകള്‍ ലഭിക്കുന്നത്. സ്വത്ത് സമ്പാദന കേസില്‍ നാരായണന് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഡിവൈഎസ്‌പിയുടെ മകന്‍റെ അക്കൗണ്ടിലേക്ക് നാരായണന്‍ 50000 രൂപ കൈമാറുകയായിരുന്നു. എന്നാല്‍ റിപ്പോര്‍ട്ടില്‍ സംശയം തോന്നിയതോടെ കേസില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്‌ടര്‍ ഉത്തരവിട്ടു.