തിരുവനന്തപുരം : ലഹരിമുക്ത കേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ക്യാമ്പയിന്‍റെ രണ്ടാം ഘട്ടം തിങ്കളാഴ്‌ച മുതല്‍ ആരംഭിക്കും. ജനുവരി 26 വരെയാണ് രണ്ടാംഘട്ട ക്യാമ്പയിന്‍. ഗോള്‍ ചലഞ്ചും സെലിബ്രറ്റി ഫുട്‌ബോൾ മത്സരങ്ങളും സ്‌കൂള്‍ സഭകളുമൊക്കെയായി വിപുലമായ പ്രചരണ പരിപാടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചിരിക്കുന്നത്.
ലഹരിക്കെതിരെ ഗോള്‍ : ലോകകപ്പ് ഫുട്‌ബോൾ സമയമായതിനാല്‍ ലഹരിക്കെതിരെ ഗോള്‍ എന്ന നിലയില്‍ രണ്ട് കോടി ഗോള്‍ അടിക്കുന്ന രീതിയില്‍ പരിപാടി സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫിസുകളിലും സ്വകാര്യ കമ്പനികളിലും ഐടി പാര്‍ക്കുകളിലും ബസ് സ്റ്റാന്‍ഡുകളിലും പൊതുസ്ഥലങ്ങളിലും പരിപാടി സംഘടിപ്പിക്കും. ഇതുകൂടാതെ സെലിബ്രിറ്റി ഫുട്‌ബോൾ മത്സരങ്ങളും സംഘടിപ്പിക്കും.
ലഹരി മോചന കേന്ദ്രങ്ങള്‍ ആവശ്യത്തിനുണ്ടെന്ന് സാമൂഹ്യനീതി വകുപ്പ് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ലഹരിക്കടിമയായ കുട്ടികളുടെ പേരോ, കുടുംബത്തിന്‍റെ പേരോ പുറത്തുവിടാതെ ഇവിടെ ചികിത്സിപ്പിക്കണം. സ്‌കൂളുകളില്‍ വലിയതോതില്‍ കൗണ്‍സിലിങ് സംഘടിപ്പിക്കണം.
നിരോധനവും നടപടിയും : ലഹരി ഉത്പന്നങ്ങള്‍ വില്‍ക്കുന്നില്ല എന്ന ബോര്‍ഡ് മുഴുവന്‍ കടകളിലും സ്ഥാപിച്ചിട്ടുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ലഹരിപദാര്‍ഥങ്ങളുടെ വില്‍പ്പന, കൈമാറ്റം, ഉപയോഗം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരം കൈമാറാനുള്ള ഫോണ്‍ നമ്പര്‍, മേല്‍വിലാസം എന്നിവ പ്രദര്‍ശിപ്പിക്കാനുള്ള നടപടിയും ഊര്‍ജിതമാക്കണം. നോ ടു ഡ്രഗ്‌സ് പരിപാടിയുടെ ഭാഗമായി പൊലീസ്, എക്‌സൈസ് വിഭാഗങ്ങള്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ കാര്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധീകരണത്തിന് നല്‍കണമെന്നും യോഗം നിര്‍ദേശം നല്‍കി.
പുസ്‌തകവും സഭയും : അഞ്ച് മുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായി വിമുക്തി മിഷനും എസ്.സി.ഇ.ആര്‍.ടിയും ചേര്‍ന്ന് തയ്യാറാക്കിയ 'തെളിവാനം വരയ്‌ക്കുന്നവര്‍' എന്ന പുസ്‌തകത്തിന്‍റെ പ്രകാശനം നവംബര്‍ 14 ന് നടത്തും. വിവിധ ഭാഷകളിലുള്ള പതിപ്പുകളും തയ്യാറാക്കും. അന്നേദിവസം എല്ലാ ക്ലാസിലും വിദ്യാര്‍ഥികളുടെ സഭകള്‍ ചേരണം. ഏതെങ്കിലും ഒരു പിരീഡ് ഇതിനായി ഉപയോഗിക്കാവുന്നതാണ്.
മനുഷ്യാവകാശ വാരം : ഡിസംബര്‍ നാല് മുതല്‍ 10 വരെ മനുഷ്യാവകാശ വാരമായി ആചരിക്കും. മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10 ന് വിദ്യാര്‍ഥികളുടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കണം. മുഴുവന്‍ തദ്ദേശസ്വയംഭരണ വാര്‍ഡുകളിലും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വൈകുന്നേരം ഒന്നു മുതല്‍ രണ്ടു മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന കവല യോഗങ്ങള്‍ സംഘടിപ്പിക്കണം. ആന്‍റി നാര്‍ക്കോട്ടിക് ദിനമായ 2023 ജൂണ്‍ 26 മുതല്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ജനുവരി 26നു ശേഷം ആലോചിക്കാനും യോഗം തീരുമാനിച്ചു.