തിരുവനന്തപുരം: ഗ്രാമീണ മേഖലകളില്‍ ജലജീവന്‍ മിഷന്‍ പൂര്‍ണ തോതില്‍ നടപ്പാക്കുന്നതോടെ കേരളത്തില്‍ നിലവിലുള്ള കുടിവെള്ള കണക്ഷനുകളുടെ എണ്ണം മൂന്ന് വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വര്‍ധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിയമസഭയില്‍ ചോദ്യോത്തരവേളയില്‍ മറുപടി പറയുകയായിരുന്നു മന്ത്രി.
35 ലക്ഷം കണക്ഷനുകള്‍ക്ക് ഭരണാനുമതി
കണക്ഷനുകള്‍ കൂടുന്നതോടെ ആനുപാതികമായി അറ്റകുറ്റപ്പണികള്‍ വര്‍ധിക്കും. നിലവിലുള്ള ഉദ്യോഗസ്ഥരെ പുനര്‍വിന്യസിച്ചും അവരുടെ ചുമതലയിലുള്ള മേഖല വിപുലീകരിച്ചും ഈ സാഹചര്യം നേരിടാനാണ് പദ്ധതിയിടുന്നത്. 2019 വരെ 17 ലക്ഷം ഗാര്‍ഹിക കണക്ഷനുകളാണ് വാട്ടര്‍ അതോറിറ്റി നല്‍കിയിരുന്നത്.
2021 ആയപ്പോഴേക്കും ഇത് 25 ലക്ഷം കണക്ഷനുകളായി ഉയര്‍ന്നു. 2024ല്‍ ജലജീവന്‍ മിഷന്‍ പൂര്‍ത്തിയാക്കുമ്പോഴേക്കും 70 ലക്ഷത്തോളം കുടുംബങ്ങള്‍ക്കാണ് കണക്ഷന്‍ നല്‍കേണ്ടത്. ഇതില്‍ 35 ലക്ഷം കണക്ഷനുകള്‍ക്ക് ഇതിനോടകം ഭരണാനുമതി നല്‍കി.
കണക്ഷനുകളുടെ എണ്ണം വര്‍ധിക്കുന്നതോടെ മെയിന്‍റനന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സും ആനുപാതികമായി വര്‍ധിയ്ക്കും. വാട്ടര്‍ അതോറിറ്റിയുടെ നിലവിലുള്ള ജീവനക്കാരുടെ സംവിധാനത്തില്‍ മാറ്റം വരുത്താതെ തന്നെ ഈ സാഹചര്യം നേരിടാനാണ് പദ്ധതി.
ഒരോ ജില്ലയിലെ വിഷയങ്ങള്‍ അതാത് ജില്ലയില്‍ കൈകാര്യം ചെയ്യാന്‍ മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്ന തരത്തിലും സംവിധാനം പുനക്രമീകരിക്കാനാണ് വാട്ടര്‍ അതോറിറ്റി ആലോചിക്കുന്നതെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
ALSO READ: നീതികിട്ടിയില്ലെന്ന് ഉത്രയുടെ അമ്മ ; വധശിക്ഷ പ്രതീക്ഷിച്ചിരുന്നെന്നും മണിമേഖല