തിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹം മുടങ്ങിയതിനെ തുടർന്നുണ്ടായ മനോവിഷമത്തിൽ മെഡിക്കൽ കോളേജിലെ പി ജി വിദ്യാർത്ഥി ഡോ. ഷഹന ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കേസിലെ രണ്ടാം പ്രതിയും ഡോ. റുവൈസിന്‍റെ പിതാവുമായ അബ്ദുൽ റഷീദ് ഒളിവിൽ തന്നെ.
കരുനാഗപ്പള്ളി സ്വദേശിയായ അബ്ദുൽ റഷീദ് വീട്ടിൽ നിന്ന് കാറിൽ കുടുംബവുമായി കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. ഇക്കഴിഞ്ഞ ബുധനാഴ്‌ച പുലർച്ചെ കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ നിന്നാണ് റുവൈസിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്യുകയും തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
എന്നാൽ റുവൈസിന്റെ പിതാവാണ് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടതെന്നും സ്ത്രീധനത്തിനായി സമ്മർദം ചെലുത്തിയതെന്നും ഷഹനയുടെ ആത്മഹത്യാക്കുറിപ്പിലും വാട്സ്ആപ്പ് ചാറ്റുകളിലും നിന്ന് വ്യക്തമായിരുന്നു. സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവയാണ് റുവൈസിനെതിരെയുള്ള കുറ്റങ്ങൾ.
പ്രതിയുടെ കുടുംബങ്ങളെ കൂടി പ്രതി ചേർത്തേക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സ്ത്രീധന മോഹം കാരണം ഇന്ന് എന്‍റെ ജീവിതം അവസാനിക്കുകയാണ്. വിവാഹ വാഗ്‌ദാനം നൽകി എന്‍റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്‍റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണ്ണവും ഏക്കർ കണക്കിന് സ്വത്തും ചോദിച്ചാൽ കൊടുക്കാൻ എന്‍റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്'. എന്നിങ്ങനെ ഗുരുതര പരാമർശങ്ങളാണ് പ്രതിക്കയച്ച സന്ദേശത്തിൽ ഉള്ളതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.