തിരുവനന്തപുരം: സ്ത്രീധന വിഷയത്തില്‍ ആത്മഹത്യ ചെയ്‌ത തിരുവനന്തപുരം മെഡിക്കൽ കോളജിലെ പിജി വിദ്യാർത്ഥിനി ഷഹന മരിക്കുന്നതിന് (dr shahana death) മുൻപ് സുഹൃത്ത് ഡോ റുവൈസിന് അയച്ച മെസേജുകൾ തെളിവായി പൊലീസ് പരിഗണിക്കും (Evidence against ruwaise).
'സ്ത്രീധന മോഹം കാരണം ഇന്ന് എന്‍റെ ജീവിതം അവസാനിക്കുകയാണ്. വിവാഹ വാഗ്‌ദാനം നൽകി എന്‍റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്‍റെ ഉദ്ദേശ്യം. ഒന്നര കിലോ സ്വർണ്ണവും ഏക്കർ കണക്കിന് സ്വത്തും ചോദിച്ചാൽ കൊടുക്കാൻ എന്‍റെ വീട്ടുകാരുടെ കയ്യിൽ ഇല്ലെന്നുള്ളത് സത്യമാണ്'. എന്നിങ്ങനെ ഗുരുതര പരാമർശങ്ങളാണ് പ്രതിക്കയച്ച സന്ദേശത്തിൽ ഉള്ളതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത്. ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുൻപാണ് പ്രതിക്ക് ഷഹന മെസേജ് അയച്ചത്. എന്നാൽ പ്രതി അറസ്റ്റിന് മുൻപ് മെസേജുകൾ എല്ലാം ഡിലീറ്റ് ചെയ്‌തിരുന്നു.
പ്രതിക്കെതിരെ ഷഹനയുടെ സഹോദരിയുടെയും മാതാവിന്‍റെയും ബന്ധുക്കളുടെയും മൊഴി കൂടി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. സ്ത്രീധന നിരോധന നിയമം, ആത്മഹത്യ പ്രേരണ കുറ്റം എന്നിവയാണ് റുവൈസിനെതിരെയുള്ള കുറ്റങ്ങൾ. പ്രതിയുടെ കുടുംബങ്ങളെ കൂടി പ്രതി ചേർത്തേക്കുമെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധന നിരോധന കുറ്റ കൃത്യത്തിനിടയാക്കിയ കരുനാഗപ്പള്ളി, വെഞ്ഞാറമൂട് എന്നിവിടങ്ങളിൽ നടന്ന ചടങ്ങിനെ പറ്റിയും കുറ്റ കൃത്യങ്ങളെ കുറിച്ചും പ`ലീസ് അന്വേഷിക്കും.
ഈ കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വെഞ്ഞാറമൂട് സ്വദേശിനിയായ യുവ ഡോക്‌ടറെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. സ്ത്രീധന തർക്കം കാരണം സുഹൃത്തായ റുവൈസുമായുള്ള വിവാഹം മുടങ്ങുകയും തുടർന്ന് മനോവിഷമത്തിലായ ഷഹന ആത്മഹത്യ ചെയ്യുകയുമായിരുന്നു. ഫ്ലാറ്റില്‍ നിന്നും സ്ത്രീധനമാണ് ആത്മഹത്യക്ക് കാരണമെന്ന് സൂചിപ്പിക്കും വിധമുള്ള ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. "എല്ലാവർക്കും വേണ്ടത് പണമാണ്. എല്ലാത്തിലും വലുത് പണമാണ്" എന്നാണ് മുറിയിൽ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പിൽ ഉണ്ടായിരുന്നത്.
തുടർന്ന് ബുധനാഴ്‌ച കരുനാഗപ്പള്ളിയിൽ നിന്നും റുവൈസിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചതിനെ തുടർന്ന് റൂവൈസ് ഇപ്പോൾ 14 ദിവസത്തെ റിമാൻഡിലാണ്. പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി വേഗത്തിൽ കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.
റുവൈസ് കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ്. കസ്റ്റഡിയിലെടുക്കാന്‍ വൈകിയാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാന്‍ നീക്കം നടത്തുമെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് ഡിസംബർ 7 ന് റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ കേസില്‍ അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിത ശിശു വികസന വകുപ്പ് ഡയറക്‌ടര്‍ക്ക് ആരോഗ്യ മന്ത്രി വീണ ജോർജ് നിര്‍ദേശം നല്‍കിയിരുന്നു.
ALSO READ: "ഡോ ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണം ഡോ റുവൈസ്", വാട്‌സ്ആപ്പ് വിവരങ്ങള്‍ പുറത്ത് വിട്ട് പൊലീസ്