തിരുവനന്തപുരം : സർക്കാർ ചീഫ് വിപ്പായി ഡോ എന്‍. ജയരാജിനെ ക്യാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ തീരുമാനിച്ചു. മുന്‍ നിശ്ചയ പ്രകാരം ചീഫ് വിപ്പ് സ്ഥാനം കേരള കോണ്‍ഗ്രസ് എമ്മിന് നൽകുകയായിരുന്നു. പാര്‍ട്ടിയുടെ ഡെപ്യൂട്ടി ലീഡറാണ് ഡോ എന്‍. ജയരാജ്. ഇന്ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.
Also Read:ജൂണ്‍ 9 അർദ്ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം
ഇസ്രയേലില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മകന്‍റെ പേരില്‍ അഞ്ച് ലക്ഷം രൂപ സ്ഥിരനിക്ഷേപമായി ഇടാനും തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് തുക നീക്കിവയ്ക്കുക. കുട്ടിയുടെ വിദ്യാഭ്യാസ ചിലവ് സര്‍ക്കാര്‍ വഹിക്കും. സംസ്ഥാനത്തെ 14 പ്രിന്‍സിപ്പല്‍ ജില്ല കോടതികളില്‍ കോര്‍ട്ട് മാനേജര്‍മാരുടെ സ്ഥിരം തസ്തിക സൃഷ്ടിക്കും.
നിലവില്‍ ജോലി ചെയ്യുന്ന എട്ട് കോര്‍ട്ട് മാനേജര്‍മാരെ റഗുലറൈസ് ചെയ്യാനും തീരുമാനിച്ചു. ജയില്‍ ഉപദേശക സമിതിയുടെയും നിയമ വകുപ്പിന്‍റെയും ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ ആന്‍റ് കറക്ഷണല്‍ ഹോമിലെ ആറ് തടവുകാര്‍ക്ക് ശിക്ഷ ഇളവ് നൽകി വിട്ടയയ്ക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.