തിരുവനന്തപുരം: ഏറെ പ്രതിസന്ധിക്കൾക്കൊടുവില്‍ ദോഹയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് എത്തി. ഞായറാഴ്ച എത്തേണ്ട വിമാനം പുലർച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്. മുൻഗണന ലിസ്റ്റില്‍പ്പെട്ട 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കിയത്. ആർക്കും കാര്യമായ രോഗലക്ഷണങ്ങളില്ല. വിദേശത്ത് വച്ച് രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ ലിസ്റ്റിൽ ഉണ്ടായിരുന്ന രണ്ടു പേരെ ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കി. തിരിച്ചെത്തിയ പൂർണ ഗർഭിണിയെയും ആശുപത്രിയിലുമാക്കി. 23 കുട്ടികളും 14 ഗർഭിണികളും 60 വയസിന് മുകളിൽ പ്രായമുള്ള 25 പേരുമാണ് തലസ്ഥാനത്തെ ആദ്യ വിമാനത്തിലെത്തിയത്.
വിവിധ ജില്ലകളിൽ ഉള്ളവരെ അതത് ജില്ലകളിൽ കെഎസ്ആർടിസി ബസിൽ നിരീക്ഷണ കേന്ദ്രത്തിൽ എത്തിച്ചു. തിരുവനന്തപുരം ജില്ലയിലെ 45 പേരും കൊല്ലത്തെ 50പേരും പത്തനംതിട്ടയിലെ 26 പേരും ആലപ്പുഴയിലെ 14 പേരും മറ്റു ജില്ലകളിൽ നിന്ന് 25 പേരുമാണ് സംഘത്തിലുണ്ടായിരുന്നത്. അന്യസംസ്ഥാനക്കാരായ 19 പേരും യാത്രക്കാരില്‍ ഉൾപ്പെട്ടിരുന്നു. തമിഴ്നാട്ടിൽ നിന്നുള്ള 18 പേരെയും മഹാരാഷ്ട്രയിലെ ഒരാളെയും അടിയന്തര ചികിത്സ ആവശ്യമായിരുന്ന കർണാടക സ്വദേശിയെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികളും ഉടൻ ആരംഭിക്കും. ഞായറാഴ്ച തിരുവനന്തപുരത്ത് എത്തേണ്ട വിമാനത്തിന് പറക്കാൻ ഖത്തർ അനുമതി നൽകാത്തതിനെ തുടർന്നാണ് വൈകിയത്. ഏറെ ചർച്ചകൾക്കു ശേഷമാണ് വിമാനത്തിന് പറക്കാൻ അനുമതി കിട്ടിയത്.