തിരുവനന്തപുരം: കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫീസറെ സസ്പെൻഡ് ചെയ്‌ത നടപടിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് ഡോക്‌ടർമാർ. മെഡിക്കൽ കോളജ് ആശുപത്രികളിലെ കൊവിഡ് നോഡൽ ഓഫീസർമാർ പദവി രാജി വയ്ക്കാൻ തീരുമാനിച്ചതായി അറിയിച്ചു. ഡോ. അരുണയുടെ സസ്പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍റെ റിലേ സത്യാഗ്രഹം തുടങ്ങി. രാവിലെ എട്ട് മുതൽ പത്ത് വരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്‌ടർമാർ ഒപി ബഹിഷ്‌കരിച്ചു.
ജീവനക്കാരുടെ കുറവാണ് പിഴവിന് കാരണമെന്ന നിലപാട് ഡോക്‌ടർമാർ ആവർത്തിച്ചു. കൊവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കുറഞ്ഞ എണ്ണം ജീവനക്കാരുമായി ഓരോ രോഗിക്കും പ്രത്യേക പരിചരണം നൽകാനാവില്ല. ആശുപത്രിയിലെ സാഹചര്യം അധികൃതരോട് പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. സംവിധാനത്തിന്‍റെ പിഴവ് ഡോക്‌ടർമാരുടെ മേൽ കെട്ടിവയ്ക്കുന്ന നിലപാട് അംഗീകരിക്കാനാവില്ല. സമ്മർദ്ദം താങ്ങാനാവാത്തതിനാലാണ് നോഡൽ ഓഫീസർമാർ പദവി രാജി വെക്കുന്നതെന്നും ഡോക്‌ടർമാർ അറിയിച്ചു.