തിരുവനന്തപുരം: തിരുവനന്തപുരം പള്ളിക്കലിൽ വനിതാ ഡോക്‌ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ ഡോക്ടർമാരുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കെജിഎംഒയുടെ നേതൃത്വത്തിൽ ജില്ലയിലെ ഡോക്ടർമാർ സർക്കാർ ആശുപത്രികളിൽ ഒ.പി ബഹിഷ്കരിച്ചു. രാവിലെ എട്ടു മണി മുതൽ ഒമ്പത് മണി വരെയാണ് ഒ.പി ബഹിഷ്കരിച്ചത്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ഡോക്ടർമാരുടെ തീരുമാനം.
കഴിഞ്ഞ ദിവസം കല്ലമ്പലം പള്ളിക്കൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ ആക്രമിച്ചെന്നാണ് പരാതി. ക്യാൻസർ രോഗത്തിനുള്ള ചികിത്സ തേടിയെത്തിയ രോഗിയോട് ആർസിസിയെ സമീപിക്കാൻ പറഞ്ഞതിനാൽ ബന്ധുക്കൾ എത്തി മോശമായി പെരുമാറുകയും കൈയേറ്റം ചെയ്യുകയുമായിരുന്നുവെന്നും വനിതാ ഡോക്‌ടർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനാലാണ് ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ ഇന്ന് ഒരു മണിക്കൂർ ഒ.പി ബഹിഷ്കരിച്ചത്. 24 മണിക്കൂറിനകം നടപടി ഉണ്ടാകമെന്നാണ് സമരക്കാരുടെ ആവശ്യം.