തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ കനത്ത ചൂടിനും സൂര്യാഘാതത്തിനും സാധ്യത. മൂന്ന് ജില്ലകളിലാണ് കനത്ത ചൂടിന് സാധ്യതയെന്ന് മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം കോട്ടയം, ആലപ്പുഴ ജില്ലകളിലാകും ചൂട് കനക്കുക.
ഈ ജില്ലകൾ കൂടാത്ത എറണാകുളം, കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് സൂര്യാഘാത സാധ്യത. ദുരന്ത നിവാരണ അതോറിറ്റിയുടെ താപനില സൂചികയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംസ്ഥാനത്ത് ചൂട് കൂടുന്നതിനാല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൂര്യാഘാതമടക്കമുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് ചൂടുകാലത്ത് സാധ്യത. അതിനാല്‍ കുട്ടികളെയും ശരീരത്തില്‍ നിന്ന് ജലം പുറത്തു കളയുന്നതിന് മരുന്ന് കഴിക്കുന്നവരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു.
ജാഗ്രത നിര്‍ദേശങ്ങള്‍: നിര്‍ജലീകരണം തടയാന്‍ ധാരാളം വെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണം. കുടിവെള്ളം എപ്പോഴും കൈയില്‍ കരുതണം.
ജലം പാഴാക്കാതെ ഉപയോഗിക്കണം. വേനല്‍മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കണം. കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം.
കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിന് വനം വകുപ്പിന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) എന്നിവിടങ്ങളില്‍ തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തി കൃത്യമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിക്കണം.
വിദ്യാര്‍ഥികള്‍ക്ക് വെയില്‍ കൂടുതലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണം. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ മൂന്ന് മണി വരെ, കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പു വരുത്തണം. ക്ലാസ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കണം.
ജലലഭ്യത ഉറപ്പാക്കുക: പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. അംഗനവാടികളില്‍ കുട്ടികള്‍ക്ക് ചൂടേല്‍ക്കാതിരിക്കാനുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം. പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങളാല്‍ അവശത അനുഭവിക്കുന്നവര്‍, ഇവര്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം ചെയ്യുന്നവര്‍ ചൂട് ഏല്‍ക്കാത്ത തരത്തില്‍ വസ്‌ത്രധാരിക്കേണ്ടതും ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങള്‍ നല്‍കേണ്ടതുമാണ്. മാധ്യമപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരും 11 മുതല്‍ മൂന്ന് മണിവരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയിലേല്‍ക്കരുത്. യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാണ് ഉചിതം.
കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കുക: കൈയില്‍ വെള്ളം കരുതണം. നിര്‍മാണ തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തണം.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം.
നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്‌ത വാഹനങ്ങളില്‍ ഇരുത്തി പോകരുത്. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാലുടന്‍ വിശ്രമിക്കണമെന്നും വൈദ്യസഹായം തേടണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.