തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്‌ടർ വന്ദന ദാസിന്‍റെ കൊലപാതകത്തിന്‍റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ സായുധസേനയുടെ അടക്കം കാവൽ വേണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ. അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്‌ഡ് പോസ്റ്റുകൾ സ്ഥാപിക്കുക എന്ന ആവശ്യമാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് സുരക്ഷാസംവിധാനങ്ങൾ ശക്തമാക്കണമെന്ന സംഘടനയുടെ ആവശ്യം.
മരണഭയം കൂടാതെ ആരോഗ്യ പ്രവർത്തകർക്ക് ജോലി ചെയ്യുന്നതിനും മികച്ച ചികിത്സ ജനങ്ങൾക്ക് ഉറപ്പ് വരുത്തുന്നതിനുമാണ് ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. പൊലീസ് കസ്റ്റഡിയിലുള്ളവർക്ക് വൈദ്യ പരിശോധനയ്ക്ക് ജയിലിൽ സംവിധാനം ഒരുക്കുക. സുരക്ഷാജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും കെജിഎംഒഎ മുന്നോട്ടുവച്ചിട്ടുണ്ട്.
കെജിഎംഒഎയുടെ ആവശ്യങ്ങൾ
- ആശുപത്രി സംരക്ഷണ നിയമം പരിഷ്‌കരിച്ചുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുക.
- സിസിടിവി ഉൾപ്പടെയുളള സെക്യൂരിറ്റി സംവിധാനങ്ങൾ ഉൾപ്പെടുത്തിയും പരിശീലനം സിദ്ധിച്ച വിമുക്തഭടന്മാരെ സെക്യൂരിറ്റി ജീവനക്കാരായി നിയമിച്ചും ആശുപത്രികളിലെ സുരക്ഷ വർധിപ്പിക്കുക.
- അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആംഡ് റിസർവ് പൊലീസിനെ നിയമിച്ച് പൊലീസ് എയ്‌ഡ് പോസ്റ്റുകൾ സ്ഥാപിക്കുക.
- അത്യാഹിത വിഭാഗങ്ങളിൽ ട്രയാജ് സംവിധാനങ്ങൾ സംബന്ധിച്ച സർക്കാർ ഉത്തരവ് ഉടൻ നടപ്പിലാക്കുക.
- പൊലീസ് കസ്റ്റഡിയിൽ ഉള്ള ആളുകളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ജയിലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും കൂടുതൽ ഡോക്‌ടർമാരെ ജയിലിൽ ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്യുക.
- അത്യാഹിത വിഭാഗത്തിൽ ഒരു ഷിഫ്റ്റിൽ 2 സിഎംഒമാരെ ഉൾപ്പെടുത്താൻ സാധിക്കും വിധം കൂടുതൽ സിഎംഒമാരെ നിയമിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കുക.