തിരുവനന്തപുരം : സംസ്ഥാനത്തെ ഐടിഐകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠനത്തിന്‍റെ മറവില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായി സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടര്‍. പാഠ്യ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തി പരിചയത്തിന്‍റെ മറവില്‍ ആയുധ നിര്‍മ്മാണം നടക്കുന്നതായാണ് കണ്ടെത്തല്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസ് റിപ്പോര്‍ട്ട് നല്‍കിയതായി സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടര്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്. അധ്യാപകരും സ്ഥാപനമേധാവികളും വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം. പ്രവര്‍ത്തി പരിചയത്തിന്‍റെ ഭാഗമായി ലാബുകളില്‍ നടക്കുന്ന ക്ലാസുകള്‍ക്ക് അധ്യാപകരുടെ കൃത്യമായ നിരീക്ഷണവും മേല്‍നോട്ടവും ഉണ്ടാകണം.
ലാബ് ജീവനക്കാരും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ലാബുകളില്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് സ്ഥാപന മേധാവികള്‍ ഉറപ്പുവരുത്തണം. സിലബസുകളില്‍ പറയുന്ന വസ്‌തുക്കള്‍ മാത്രമേ ലാബുകളില്‍ നിര്‍മ്മിക്കാന്‍ പാടുള്ളൂ.
ഇവ പാലിക്കാതിരുന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സാങ്കേതിക വിദ്യാഭ്യാസ ഡയറക്‌ടർ ഇൻ ചാർജ് ഡോക്‌ടർ ബൈജു ഭായ് ടി.പി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. കഴിഞ്ഞ ഡിസംബര്‍ 21നാണ് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആയുധ നിർമ്മാണം നടക്കുന്നതായി കണ്ടെത്തി ഇന്‍റലിജന്‍സ് വിഭാഗം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയത്.
ഇന്‍റലിജൻസ് എഡിജിപി ടി കെ വിനോദ് കുമാർ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ സാങ്കേതിക വകുപ്പിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. തിരുവനന്തപുരം ധനുവച്ചപുരം ഗവണ്‍മെന്‍റ് ഐടിഐയിലെ വിദ്യാര്‍ഥികള്‍ ലാബിനുള്ളില്‍വച്ച് വാള്‍ നിര്‍മ്മിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
20 സെന്‍റീമീറ്ററോളം നീളമുള്ള വാളാണ് ഇവിടെ നിര്‍മ്മിച്ചത്. ഇത്തരത്തിലുള്ള നിരവധി വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നാണ് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്.