തിരുവനന്തപുരം : ഡിജിറ്റൽ മേഖലയിൽ ഒരിക്കൽ കൂടി മാതൃകയായി രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് തുടക്കം കുറിച്ച് കേരളം. രാജ്യത്ത് ആദ്യമായി ടെക്നോപാർക്ക് സ്ഥാപിച്ചും, ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി സ്ഥാപിച്ചും രാജ്യത്തിന് മാതൃകയായതിന് പിന്നാലെയാണ് സാങ്കേതിക മേഖലയിൽ സംസ്ഥാനത്തിന്‍റെ പുതിയ കാൽവെപ്പ്.
ഡിജിറ്റൽ സയൻസ് പാർക്കിന്‍റെ പ്രവർത്തനാരംഭം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 33 വര്‍ഷം മുന്‍പ് ഇകെ നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന സമയത്താണ് ടെക്നോപാര്‍ക്ക് കേരളത്തിൽ സ്ഥാപിച്ചത്. രണ്ട് വര്‍ഷം മുന്‍പ് രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കും തുടക്കം കുറിച്ച് ഐടി മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ കേരളം രാജ്യത്തിനാകെ മാതൃകയായി.
ഈ യൂണിവേഴ്‌സിറ്റിയോട് ചേർന്നാണ് ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് യാഥാർഥ്യമാവുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് ആരംഭിച്ച് 3 മാസത്തിനുള്ളില്‍ തന്നെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന് വേണ്ട പ്രാഥമിക സൗകര്യങ്ങള്‍ ഒരുക്കാനും അതിന്‍റെ പ്രവര്‍ത്തനം ആരംഭിക്കാനും കഴിഞ്ഞിരുന്നു. ഏകദേശം 1,515 കോടി രൂപയാണ് ഈ പാര്‍ക്കുമായി ബന്ധപ്പെട്ട് സർക്കാർ പ്രതീക്ഷിക്കുന്ന ആകെ നിക്ഷേപം.
ഉന്നത വിദ്യാഭ്യാസ രംഗത്തുണ്ടായ കുതിപ്പും അടിസ്ഥാന സൗകര്യ രംഗത്തുണ്ടായ സമൂല മാറ്റങ്ങളും കേരളത്തിന്‍റെ വളർച്ചയ്ക്ക് കരുത്തേകും. കേരളത്തെ ഒരു വിജ്ഞാന സമ്പദ്ഘടനയായും അതിനൂതന സമൂഹവുമായി മാറ്റുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ചുവടുവയ്പ്പാണ് ഈ ഡിജിറ്റൽ സയൻസ് പാർക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
ലോകമെമ്പാടും വിജ്ഞാനാധിഷ്‌ഠിത വ്യവസായങ്ങളുടെ വികസനത്തില്‍ വലിയ കുതിച്ചുചാട്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്നും കേരളത്തിലെ എൽഡിഎഫ് സര്‍ക്കാർ ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും കേരളത്തിന്‍റെ സമഗ്രമായ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ ലക്ഷ്യങ്ങൾ : 14 ഏക്കറോളം സ്ഥലത്ത് 10 ലക്ഷം ചതുരശ്ര അടി വിസ്‌തീർണമുള്ള രണ്ട് ബ്ലോക്കുകൾ ഉൾകൊള്ളുന്നതാണ് പദ്ധതി. 2022 -23 സംസ്ഥാന ബജറ്റിൽ നിന്ന് 200 കോടി രൂപ മുതൽ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 1515 കോടി രൂപയാണ് മൊത്തം പദ്ധതി വിഹിതം. പ്രധാനമായും നാല് ലക്ഷ്യങ്ങളിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ഇൻഡസ്‌ട്രി 4.0 ആണ് ഇതിൽ പ്രധാന മേഖല. ഇലക്‌ട്രോണിക്‌സ്, 5 ജി ആശയവിനിമയം, സ്‌മാർട് ഹാർഡ് വെയർ, അർധ ചാലകങ്ങൾ, മെഡിക്കൽ മെറ്റീരിയലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇതിൽ പ്രധാന ലക്ഷ്യം. ഇത് കൂടാതെ ഇ - മൊബിലിറ്റി, ഡിജിറ്റൽ ആരോഗ്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായുള്ള ഡിജിറ്റൽ ആപ്ലിക്കേഷനാണ് രണ്ടാമത്തെ ലക്ഷ്യം.
ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ബ്ലോക്ക് ചെയ്‌ൻ, സുരക്ഷ, പരിസ്ഥിതി സുസ്ഥിര ഇൻഫർമാറ്റിക്‌സ് എന്നിവയിലൂന്നിയുള്ള ഡിജിറ്റൽ ഡീപ്‌ടെകിലാണ് മൂന്നാമത്തെ മേഖല. പുതിയ ഉത്‌പന്നങ്ങൾ, ജോലി സാധ്യതകൾ എന്നിവ സൃഷ്‌ടിക്കുന്നതിനായുള്ള ഡിജിറ്റൽ സംരഭകത്വമാണ് നാലാമത്തെ പ്രധാന മേഖല.
ALSO READ : ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് കേരളത്തിൽ; പദ്ധതിയും ലക്ഷ്യങ്ങളും