തിരുവനന്തപുരം: സംസ്ഥാനത്തെ അപ്പർ പ്രൈമറി, ലോവർ പ്രൈമറി സ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ തൊഴിൽ ജീവിതം ദിനംപ്രതി ദുസഹമാകുന്നു. സ്‌കൂളിൽ ഉണ്ടാവുന്ന സാമ്പത്തിക ബാധ്യതയും ഉയർന്ന മാനസികസമ്മർദവും പലരെയും ആത്മഹത്യയിലേക്ക് വരെ നയിക്കുന്നു. ഇത് മൂലം ലഭിച്ച സ്ഥാനക്കയറ്റം ഒഴിവാക്കി തിരികെ സാധാ അധ്യാപക ജോലിയിലേക്ക് തന്നെ തിരികെ പോവാൻ തങ്ങൾ ആഗ്രഹിക്കുകയാണെന്ന് പ്രധാനാധ്യാപകര്‍ പറയുന്നു.
ഓഫിസ് ഡ്യൂട്ടി, അധ്യാപന ഡ്യൂട്ടി, സ്‌കൂളിന്‍റെ മൊത്തം ചുമതല, ഇടയ്ക്കിടെ സ്‌കൂളിലുണ്ടാകുന്ന പരിപാടികളുടെയും മറ്റും മേൽനോട്ടം തുടങ്ങി നിരവധി തൊഴിൽ സമ്മർദങ്ങളാണ് ഇവരുടെ മേൽ ഉണ്ടാവുന്നത്. എൽ പി , യു പി വിദ്യാലയങ്ങളിലെ പ്രധാനധ്യാപകർക്ക് സഹായത്തിന് ഓഫിസ് അസിസ്‌റ്റന്‍റ് പോലും ഉണ്ടാവില്ല എന്നതും ഇവരുടെ തൊഴിൽ ഭാരം കൂട്ടുന്നു. കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്‌ത വൈക്കം സ്വദേശി കെ. ശ്രീജ അവഗണന അനുഭവിക്കുന്ന അധ്യാപകരിൽ ഒരു ഇര മാത്രമായിരുന്നു.
പ്രധാനാധ്യാപികയുടെ ആത്മഹത്യ സമ്മര്‍ദത്തെ തുടര്‍ന്ന്: ഗവ. എൽ പി സ്‌കൂൾ പോളശ്ശേരിയിലെ പ്രധാനാധ്യാപികയായിരുന്നു ഇവർ. തനിക്ക് ലഭിച്ച സ്ഥാന കയറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് അപേക്ഷ നൽകിയിട്ടും വഴിയില്ലാതെ ആയപ്പോഴാണ് മാനസിക സമ്മർദം മൂലം ശ്രീജ ആത്മഹത്യ ചെയ്‌തത്.
വൈക്കം പൊലീസ് ശ്രീജയുടെ ആത്മഹത്യയില്‍ അസ്വഭാവിക മരണത്തിന് കേസടുത്തിരുന്നു. 2022 ജൂണ്‍ ഒന്നിനാണ് ശ്രീജ പ്രധാനാധ്യാപികയായി ജോലിയില്‍ പ്രവേശിച്ചത്. ജോലിയില്‍ പ്രവേശിച്ച് തൊട്ടടുത്ത ദിവസം തന്നെ സമ്മര്‍ദം മൂലം ശ്രീജ അവധിയെടുത്തിരുന്നു.
നേരത്തെ വൈക്കം ഗേള്‍സ് ഹൈസ്‌കൂളിലെ അധ്യാപികയായിരുന്നു ശ്രീജ. പ്രധാനാധ്യാപികയായി പ്രവേശിച്ചതിന് ശേഷം ഗേള്‍സ് സ്‌കൂളില്‍ തന്നെ തിരിച്ച് അധ്യാപികയായി നിയമിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ശ്രീജ വിദ്യാഭ്യാസ മന്ത്രിയ്‌ക്ക് കത്തയച്ചത്. എന്നാല്‍, അപേക്ഷ സ്വീകരിക്കാന്‍ കഴിയില്ലെന്ന് കുറവിലങ്ങാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ ശ്രീജയ്‌ക്ക് മറുപടി കത്തയച്ചിരുന്നു.
സാമ്പത്തിക ബാധ്യത: സ്‌കൂളിലെ ഉച്ചഭക്ഷണം പദ്ധതിക്കായി നല്ലൊരു തുക തന്നെ വേണ്ടിവരുന്നു. ഇതിനു മേൽനോട്ടം വഹിക്കേണ്ടത് പ്രധാനാധ്യാപകരാണ്. പി ടി എ ഫണ്ട് ഇല്ലാത്ത പല ഗവൺമെന്‍റ് സ്‌കൂളുകളിലേയും പ്രധാനാധ്യാപകരുടെ ഉറക്കം കെടുത്തുന്നത് സാമ്പത്തിക ബാധ്യതയാണ്.
ഒരു കുട്ടിക്ക് എട്ടു രൂപയാണ് സർക്കാർ നൽകുന്നത്. ഈ എട്ട് രൂപയിൽ വേണം കുട്ടികളുടെ പ്രഭാത ഭക്ഷണവും മുതൽ ഉച്ചയൂണും മുട്ടയും പാലും നൽകാൻ. എന്നാൽ, നാലുമാസമായി ഉച്ചഭക്ഷണ പദ്ധതിയുടെ തുക സർക്കാർ നൽകിയിട്ടില്ല.
സ്വന്തം പോക്കറ്റിൽ നിന്ന് പണം എടുത്താണ് പല സ്‌കൂളുകളിലും പദ്ധതി ഇപ്പോൾ തുടരുന്നത്. 2022ന് ശേഷം സ്ഥാനക്കയറ്റലം ലഭിച്ച 2529 ഹെഡ്‌മാസ്‌റ്റർമാർക്ക് കഴിഞ്ഞ 16 മാസമായിട്ടും ആനുകൂല്യം ലഭിച്ചിട്ടില്ല. യോഗ്യത സംബന്ധിച്ച കേസ് കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രെബ്യൂണലിൽ നില നിൽക്കുന്നു എന്ന കാരണം പറഞ്ഞാണ് ശമ്പളം നൽകാതിരിക്കുന്നത്.
സാധാ അധ്യാപകരുടെ ശമ്പള സ്കെയിലിൽ നിന്ന് വേണം മേൽപ്പറഞ്ഞ സാമ്പത്തിക ബാധ്യതകൾ എല്ലാം ഈ പ്രധാന അധ്യാപകർ നടപ്പിലാക്കേണ്ടത്. സ്‌കൂൾ പദ്ധതി നടത്തിപ്പിനായി കടം വാങ്ങിയ പലരുടെയും ആഭരണങ്ങൾ വരെ ഇതിന്‍റെ പേരിൽ ഇപ്പോൾ പണയത്തിലാണ്. ലഭിച്ച സ്ഥാനകയറ്റത്തിന്‍റെ പേരിൽ ബുദ്ധിമുട്ടിലാണിവർ.