തിരുവനന്തപുരം : ആലുവയില്‍ നവവധു ആത്മഹത്യ (Mofiya Parveen's Suicide) ചെയ്‌ത സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഡിജിപി. പെണ്‍കുട്ടിയുടെ പരാതിയില്‍ നടപടിയെടുക്കുന്നതില്‍ വീഴ്‌ചയുണ്ടായോയെന്ന് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി റേഞ്ച് ഡിഐജിയോട് (Kochi range DIG) സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് (DGP Anil Kant) നിര്‍ദേശിച്ചു.
വിഷയം കൈകാര്യം ചെയ്തതില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളടക്കം പരിശോധിക്കണമെന്നും കൊച്ചി റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്തയോട് ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
സംഭവത്തില്‍ സേനയ്ക്ക് വീഴ്ചയുണ്ടായതായി ചൂണ്ടിക്കാട്ടി നേരത്തെ സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ചും ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഡിഐജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും ആലുവ സിഐ സുധീറിനെതിരായ നടപടി തീരുമാനിക്കുക.
Read More: Mofiya's Death | മൊഫിയയുടെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്‍
ബുധനാഴ്‌ച വൈകുന്നേരത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡിജിപിയുടെ നിര്‍ദേശം. ഭര്‍ത്താവിന്റെ പീഡനം സംബന്ധിച്ച് പരാതിനല്‍കിയിട്ടും നടപടി സ്വീകരിക്കാതെ സ്റ്റേഷനില്‍ വച്ച് അപമാനിക്കുകയാണ് സിഐ ചെയ്തതെന്നും ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും ആത്മഹത്യാകുറിപ്പില്‍ എഴുതിവച്ചാണ് എടയപ്പുറത്ത് സ്വദേശിനിയായ മൊഫിയ പര്‍വീന്‍ ജീവനൊടുക്കിയത്.