തിരുവനന്തപുരം: പൊലീസ് ആക്ട് ഭേദഗതി പ്രകാരം കേസ് എടുക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബഹ്റയുടെ നിർദ്ദേശം. പരാതി കിട്ടിയാൽ ഉടനെ നിയമപ്രകാരം നടപടി എടുക്കരുതെന്ന് ഡിജിപി സർക്കുലർ ഇറക്കി. മാധ്യമങ്ങളിലൂടെ അധിക്ഷേപത്തിന് നേരിട്ടുള്ള പരാതി ലഭിച്ചാൽ പൊലീസ് ആസ്ഥാനത്തെ നിയമ സെല്ലുമായി ബന്ധപ്പെടണം. ഈ സെല്ലിന്‍റെ നിർദ്ദേശപ്രകാരം മാത്രമേ തുടർ നടപടി സ്വീകരിക്കാവൂ എന്നാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ മുഴുവൻ സ്റ്റേഷൻ ഹൗസ് ഓഫീസർമാരടക്കമുള്ളവർക്കാണ് ഡിജിപി സർക്കുലർ നൽകിയിരിക്കുന്നത്. നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും ഇത് സംബന്ധിച്ചുള്ള ഓർഡിനൻസ് ഇറക്കുകയോ നിയമസഭയിൽ അവതരിപ്പിച്ച നിയമം പിൻവലിക്കുകയോ ചെയ്യണം. അതുവരെയും ഈ നിയമം നിലനിൽക്കും. ഈ സമയത്ത് നിയമം ദുരുപയോഗം ചെയ്യുന്നില്ല എന്ന് ഉറപ്പു വരുത്താനാണ് ഡിജിപി സർക്കുലർ ഇറക്കിയിരിക്കുന്നത്.