തിരുവനന്തപുരം: ശബരിമലയിലെ വരുമാനനഷ്ടം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വരുന്ന മാസങ്ങളിൽ ജീവനക്കാരുടെ ശമ്പളവും പെൻഷനും നൽകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
ഈ സാമ്പത്തിക വർഷത്തിലെ ബഡ്‌ജറ്റില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് 100 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട് . 30 കോടി ആദ്യഗഡുവായി നൽകിയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 341.21 കോടിയാണ് ശബരിമലയ്ക്ക് വേണ്ടി അനുവദിച്ചത്. എന്നാൽ ഈ സർക്കാർ 1251.32 കോടി അനുവദിച്ചതായും പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും മന്ത്രി നിയമസഭയെ അറിയിച്ചു.
ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്ന് പറയാൻ പ്രതിപക്ഷത്തിന് ധൈര്യമുണ്ടോയെന്ന് കടകംപള്ളി സുരേന്ദ്രൻ ചോദിച്ചു. ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി അംഗീകരിക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവടക്കം ആദ്യം പ്രതികരിച്ചത്. പ്രതിപക്ഷം കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു . ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമാക്കുന്ന കാര്യം വീണ്ടും കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല കേന്ദ്രത്തിൽ നിന്നുണ്ടാകുന്നതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.