തിരുവനന്തപുരം: കൊവിഡ് നിയന്ത്രണാതീതമായി പടരുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് താല്‍കാലിക വിലക്ക് ഏര്‍പ്പെടുത്തി. എന്നാല്‍ പൂജകളും ഒഴിവാക്കാനാകാത്ത ചടങ്ങുകളും നടക്കും. ജൂണ്‍ 30വരെയാണ് ഭക്തരെ ക്ഷേത്രങ്ങളില്‍ നിന്ന് വിലക്കിയതെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. വാസു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്തരുടെ ക്ഷേത്ര പ്രവേശം സംബന്ധിച്ച കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് അനുവാദം നല്‍കിയിരുന്നു.
ലോക്ക് ഡൗണ്‍ അടച്ചുപൂട്ടലിന് ശേഷം ജൂണ്‍ ഒന്‍പത് മുതലാണ് ക്ഷേത്രങ്ങള്‍ വീണ്ടും തുറന്നത്. സാമൂഹിക അകലം പാലിച്ച് ഒരു സമയം പത്ത് പേർക്കാണ് പ്രവേശനം അനുവദിച്ചിരുന്നത്. കൊവിഡ് മാർഗ നിർദേശങ്ങൾ കൃത്യമായി പാലിച്ച് വിവാഹം നടത്താം. ചടങ്ങില്‍ പത്തു പേരില്‍ കൂടുതല്‍ ആവാന്‍ പാടില്ല. കർക്കിട വാവ് ചടങ്ങുകൾ നടത്താനാകുമോയെന്ന കാര്യം ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ശബരിമലയുൾപ്പെടെയുള്ള 28 ക്ഷേത്രങ്ങളിൽ ഓൺലൈൻ മുഖേന വഴിപാട് നടത്തുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എന്‍ വാസു അറിയിച്ചു.