ഇന്ന് ലോക ആത്മഹത്യ പ്രതിരോധ ദിനം. ആശങ്കപ്പെടുത്തുന്ന കണക്കുകളാണ് കേരളത്തിന് ആത്മഹത്യാ പ്രതിരോധ ദിനത്തില്‍ പങ്കുവെയ്‌ക്കാനുള്ളത്. ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2019ലെ കണക്ക് പ്രകാരം സംസ്ഥാനത്തെ ആത്മഹത്യാ നിരക്ക് 24.3 ആണ്. ദേശീയ തലത്തില്‍ ഇത് 10.4 മാത്രമാണെന്ന് അറിയുമ്പോഴാണ് ഗൗരവം മനസിലാകുക.
ജനസംഖ്യയുടെ ഒരു ലക്ഷത്തിൽ എത്ര പേർ എന്ന കണക്കിലാണ് ആത്മഹത്യ നിരക്ക് കണക്കാക്കുന്നത്. കണക്ക് പ്രകാരം കേരളം അഞ്ചാം സ്ഥാനത്താണെങ്കിലും നമ്മുടെ മികച്ച സാമൂഹിക അന്തരീക്ഷത്തിൽ ഇത് എന്തുകൊണ്ടെന്ന് പരിശോധിക്കണം.
2018ൽ ദേശീയ ശരാശരി 10.2 ഉം കേരളത്തിലെ ശരാശരി 23.5 ഉം ആണ്. ഓരോ വർഷവും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതായാണ് കണക്കുകൾ. സാക്ഷരതയിലും ജീവിത നിലവാരത്തിലും മുന്നിലെന്ന് അഭിമാനിക്കുന്ന മലയാളിയുടെ മാനസിക നിലവാരം എത്രത്തോളം ഉയർന്നു എന്ന ചോദ്യമാണ് ഈ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഉയരുന്നത്. നിസാരമായ വെല്ലുവിളികളെ പോലും നേരിടാൻ കഴിയാത്ത രീതിയിൽ നമ്മുടെ മനോനില മാറാൻ കാരണമെന്താണ്. ചുരുക്കം ചില കേസുകളിൽ ഒഴികെ സമൂഹത്തിന്‍റെ പങ്ക് പല ആത്മഹത്യ സംഭവങ്ങളിലും നിറഞ്ഞു നിൽക്കുന്നുണ്ട്. ജില്ല തിരിച്ചുള്ള കണക്ക് പരിശോധിച്ചാൽ കൊല്ലത്താണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആത്മഹത്യ നടക്കുന്നത്. 41.2 ശതമാനമാണ് കൊല്ലത്തെ ആത്മഹത്യ നിരക്ക്. കഴിഞ്ഞ വർഷം 457 പേർ കൊല്ലത്ത് ആത്മഹത്യ ചെയ്തു.
ആത്മഹത്യയ്ക്കുളള കാരണങ്ങളും നിരവധിയാണെന്നാണ് റിപ്പോർട്ടുകള്‍. കുടുംബ പ്രശനങ്ങൾ, മാനസിക പ്രശ്നങ്ങൾ, മദ്യാസക്തി, രോഗങ്ങൾ, കടബാധ്യത, തൊഴിലില്ലായ്മ, പ്രണയ തകർച്ച തുടങ്ങി രക്ഷിതാക്കൾ വഴക്ക് പറയുന്നത് അടക്കം ആത്മഹത്യയ്ക്ക് കാരണമാകുന്നു. ആത്മഹത്യ പ്രതിരോധത്തിന് സർക്കാർ തലത്തിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുള്ള ഒരു സംസ്ഥാനത്തിലാണ് ഇത്തരമൊരു പ്രതിസന്ധി. ജനപങ്കാളിത്തതോടെയുള്ള പദ്ധതിയാണ് ഈ പ്രതിസന്ധി നേരിടാൻ ആവശ്യമെന്നാണ് ആത്മഹത്യകൾ തടയുന്നതിനുള്ള ദേശീയ സംഘടനയായ ബി ഫ്രണ്ടേഴ്സ് ഇന്ത്യ ആവശ്യപ്പെടുന്നത്.
കേരളത്തെ കുഴയ്ക്കുന്ന പ്രധാന പ്രശ്നം കൗമാരക്കാർക്കിടയിലെ ആത്മഹത്യ പ്രവണതയാണ്. വീഡിയോ ഗെയിം കളിക്കുന്നതിൽ നിന്ന് വിലക്കിയാലോ എന്തിന് ഒന്ന് ഗുണദോഷിച്ചാലോ പോലും കുട്ടികൾ ആത്മഹത്യയിലേക്ക് നീങ്ങുന്ന അവസ്ഥ.
ചിരിയെന്ന പേരിൽ ഉള്‍പ്പെടെ നിരവധി കൗൺസിലിങ് പ്രോഗ്രാമുകൾ സർക്കാർ നടപ്പാക്കുന്നുണ്ട്. രക്ഷിതാക്കൾക്ക് കൂടി കൗൺസിലിങ് ആവശ്യമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. കൊവിഡ് കാലത്തും ആത്മഹത്യ വാർത്തകൾ നമുക്ക് മുന്നിൽ നിറഞ്ഞ് നിൽക്കുകയാണ്. പ്രണയ പരാജയം മുതൽ വീട് വാടക കൊടുക്കാൻ കഴിയാത്തതു വരെയുള്ള കാരണങ്ങൾ പലത്. എന്നാൽ ഇത്തരത്തിൽ ജീവിതം അവസാനിപ്പിക്കുന്ന പലരും ചേർന്ന് നിൽക്കുന്നവരെ ഓർക്കുന്നതേയില്ല എന്നതാണ് യാഥാർഥ്യം.