തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിങ് കൗൺസിൽ ചെയർമാൻ ഡിആർ അനിൽ ക്രൈംബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി. എസ്എടി ആശുപത്രിയിൽ കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് താൻ തയ്യാറാക്കിയ കത്ത് നശിപ്പിച്ചെന്നും ഡിആർ അനിൽ അന്വേഷണ സംഘങ്ങൾക്ക് മൊഴി നൽകി. കത്ത് ആവശ്യമില്ലെന്ന് മനസിലാക്കിയതോടെ നശിപ്പിച്ചുവെന്നും മേയർ ആര്യ രാജേന്ദ്രന്‍റെ പേരിൽ പുറത്തുവന്ന കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ഡിആര്‍ അനില്‍ പറഞ്ഞു.
'താൻ കത്ത് കണ്ടിട്ടില്ല. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാനുള്ള ഒരു കത്ത് തന്‍റെ പേരിൽ തയാറാക്കിയിരുന്നു. ഒരു പബ്ലിസിറ്റിക്ക് വേണ്ടിയാണ് അത് തയാറാക്കിയത്. ഓഫിസിൽ തയാറാക്കിയ കത്ത് എങ്ങനെ പുറത്തുപോയെന്ന് അറിയില്ല. മേയറുടെ ലെറ്റർ പാഡിലെ കത്തിന്റെ സ്‌ക്രീന്‍ഷോട്ട് മാത്രമാണ് തനിക്കും ലഭിച്ചത്. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നും' ഡി ആർ അനിൽ ക്രൈംബ്രാഞ്ചിനോടും വിജിലൻസിനോടും പറഞ്ഞു.
അതേസമയം, മേയറുടെ കത്തിന്‍റെ ഒറിജിനല്‍ ലഭിക്കാതെ അന്വേഷണം ബുദ്ധിമുട്ടാണെന്നാണ് വിജിലന്‍സ് നിലപാട്. സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ കൂടുതൽ ജീവനക്കാരുടെ മൊഴിയെടുക്കാനാണ് വിജിലൻസിന്‍റെ നീക്കം.