തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് വഴി ഇറക്കുമതി നടത്തി വിതരണം ചെയ്‌ത ഈന്തപ്പഴത്തിന്‍റെ കണക്ക് തേടി കസ്റ്റംസ്. ഇറക്കുമതി ചെയ്‌ത ഈന്തപ്പഴം സാമൂഹ്യക്ഷേമ വകുപ്പ് വഴിയാണ് സംസ്ഥാനത്തെ വിവിധ അനാഥാലയങ്ങളിൽ വിതരണം ചെയ്തത്. ഇതിന്‍റെ കണക്കാണ് കസ്റ്റംസ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കാണ് കസ്റ്റംസ് നോട്ടീസ് നൽകിയിരിക്കുന്നത്. 2017 മുതൽ വിതരണം ചെയ്‌ത ഈന്തപ്പഴത്തിന്‍റെ കണക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. നോട്ടീസിനുള്ള തുടർനടപടികൾ സാമൂഹ്യക്ഷേമവകുപ്പ് ആരംഭിച്ചു. ഇതുപ്രകാരം വിതരണം ചെയ്തിട്ടുള്ള ഈത്തപ്പഴത്തിന്‍റെ കണക്കെടുപ്പും സാമൂഹ്യക്ഷേമവകുപ്പ് ആരംഭിച്ചിട്ടുണ്ട്. കസ്റ്റംസിലെ പ്രത്യേക സംഘമാണ് ഈന്തപ്പഴം ഇറക്കുമതിയെകുറിച്ച് അന്വേഷിക്കുന്നത്. നാലുവർഷത്തിനുള്ളിൽ 17000 കിലോ ഈന്തപ്പഴമാണ് തീരുവ ഒഴിവാക്കി യുഎഇ കോൺസുലേറ്റ് തിരുവനന്തപുരത്ത് ഇറക്കുമതി ചെയ്‌തത്. ഇതിൽ എന്തെങ്കിലും നിയമലംഘനവും നികുതി തട്ടിപ്പും നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.