തിരുവനന്തപുരം: വര്‍ക്കല എംഎല്‍എ വി ജോയ് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറിയാകും. നിലവിലെ ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റം. സംസ്ഥാന സമ്മേളനത്തില്‍ തന്നെ ആനാവൂര്‍ നാഗപ്പന്‍ സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റിലേക്കെത്തിയാല്‍ ജില്ല സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കുന്നതായിരുന്നു സിപിഎമ്മിലെ രീതി. എന്നാല്‍ തിരുവനന്തപുരം ജില്ലയിലെ സിപിഎമ്മിലെ വിഭാഗീയ പ്രശ്‌നങ്ങളെ തുടര്‍ന്ന് പുതിയ ജില്ല സെക്രട്ടറിയെ കണ്ടെത്തുന്നത് വൈകിയിരുന്നു. ജില്ലയിലെ വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ ജില്ല സെക്രട്ടറിയെ നിശ്ചയിച്ചിരിക്കുന്നത്.
ഇന്ന് ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗങ്ങളുടെ യോഗം ചേര്‍ന്നാണ് പുതിയ ജില്ല സെക്രട്ടറിയെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രിയും ഇന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നു. വിഭാഗീയ പ്രശ്‌നങ്ങല്‍ പൂര്‍ണമായും അവസാനിപ്പിക്കുന്നതിനുളള നീക്കമായാണ് ജോയ് ജില്ല സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.
കഴിഞ്ഞ സംസ്ഥാന സമിതി യോഗത്തിലടക്കം തിരുവനന്തപുരം ജില്ലയിലെ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. അണികളേയും പ്രവര്‍ത്തകരേയും നിയന്ത്രിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും ആരോപണമുയര്‍ന്നിരുന്നു. സംഘടന പ്രവര്‍ത്തനത്തിനിടയില്‍ ഇതുവരെ കേള്‍ക്കാത്ത വാര്‍ത്തകളാണ് തിരുവനന്തപുരത്തെ സംഘടനകളില്‍ നിന്ന് കേള്‍ക്കുന്നതെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞത്.
ഇതിനു പിന്നാലെ ഡിവൈഎഫ്‌ഐയിലും എസ്എഫ്‌ഐയിലും ലഹരി ഉപയോഗത്തില്‍ നടപടികളുമുണ്ടായി. ഇതോടെയാണ് പുതുയ ജില്ല സെക്രട്ടറിയെന്ന തീരുമാനത്തിലെത്തിയത്.