തിരുവനന്തപുരം: പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വം കൂടുതല്‍ കരുത്തോടെ നിർവഹിക്കുമെന്ന് സിപിഎം ജില്ല സെക്രട്ടറി വി ജോയ്. മുൻകാലങ്ങളിൽ നടത്തിയ സത്യസന്ധമായ സംഘടന പ്രവർത്തനം കണക്കാക്കിയാണ് പാർട്ടി ഇത്തരമൊരു ഉത്തരവാദിത്വം ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം തിരുവനന്തപുരത്തെ സിപിഎമ്മിൽ പ്രശ്‌നങ്ങളില്ലെന്ന് പുതിയ ജില്ല സെക്രട്ടറി പറഞ്ഞു.
ഒന്നോ രണ്ടോ സംഭവങ്ങൾ ഉയർത്തി കാട്ടിയുള്ള പ്രചരണമാണ് നടക്കുന്നതെന്നും അതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ സംഘടനകളിലും ഉള്ളതുപോലെ സിപിഎമ്മിലും ചില പുഴുക്കുത്തുകളുണ്ട്. അത് പരിഹരിച്ച് മുന്നോട്ടുപോകും.
വിദ്യാർഥി, യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നത് വിവിധ മേഖലകളിൽ നിന്നുള്ളവരാണ്. അവർക്ക് വീഴ്‌ച വരാം. അത് തിരുത്തി മുന്നോട്ടു പോകുമെന്ന് വിദ്യാര്‍ഥി, യുവജന നേതാക്കളിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള ചോദ്യത്തിന് വി ജോയ് പ്രതികരിച്ചു.
Also Read: വി.ജോയ് സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി
ജില്ല സെക്രട്ടറിയായിരുന്ന ആനാവൂര്‍ നാഗപ്പന്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് വര്‍ക്കല എംഎല്‍എ ആയ വി ജോയ് സെക്രട്ടറിയായത്. തിരുവനന്തപുരം സിപിഎമ്മില്‍ നിലനിന്നിരുന്ന ചില വിഭാഗീയ പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് പുതിയ ജില്ല സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നത് വൈകിയിരുന്നു. വീണ്ടും പ്രശ്‌നം രൂക്ഷമായതോടെ സംസ്ഥാന നേതൃത്വം ഇടപെട്ടാണ് പുതിയ സെക്രട്ടറിയെ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നാണ് പുതിയ ജില്ല സെക്രട്ടറിയായി വി ജോയിയെ തെരഞ്ഞെടുത്തത്. സിപിഎം തിരുവനന്തപുരം ഘടകത്തില്‍ നിലനില്‍ക്കുന്ന മുഴുവന്‍ വിഭാഗീയ പ്രശ്‌നങ്ങളും അവസാനിപ്പിക്കുന്നതിനുള്ള നീക്കമായാണ് ജോയ് പാര്‍ട്ടിയുടെ ജില്ല സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്.