തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് (ഡിസംബര്‍ 29) ചേരും (CPM State Secretariat Meeting). നവകേരള സദസും (Navakerala Sadas) ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ (Parliament Election 2024) ഒരുക്കങ്ങളും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തും. എറണാകുളം ജില്ലയിലെ നിയമസഭ മണ്ഡലങ്ങളില്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും നവകേരള സദസില്‍ 6 ലക്ഷത്തിലധികം പരാതികളായിരുന്നു ലഭിച്ചിരുന്നത്.
പരാതികള്‍ തീര്‍പ്പാക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്താനായി സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്ന കാര്യവും സര്‍ക്കാരിന്‍റെ പരിഗണനയിലുണ്ട്. പരാതി പരിഹാരവുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും ഇന്നത്തെ യോഗം വിലയിരുത്താനാണ് സാധ്യത. മുന്‍ നിശ്ചയിച്ച പ്രകാരം പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ നടക്കാനിരിക്കെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് (KB Ganesh Kumar and Kadannappally Ramachandran Swearing Ceremony).
മന്ത്രിസഭയിലേക്ക് എത്തുന്ന കെബി ഗണേഷ് കുമാര്‍ സിനിമ വകുപ്പും കൂടി നല്‍കണമെന്ന ആവശ്യം മുഖ്യമന്ത്രി പിണറായി വിജയനോട് (Pinarayi Vijayan) ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യവും സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യാനാണ് സാധ്യത. നിലവില്‍ കെ ബി ഗണേഷ് കുമാറിന് ഗതാഗത വകുപ്പും കടന്നപ്പള്ളി രാമചന്ദ്രന് തുറമുഖ വകുപ്പും നല്‍കാനാണ് ധാരണ.
വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയാകാനാണ് സാധ്യത. ഇന്നലെ (ഡിസംബര്‍ 28) ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ (Arif Mohammed Khan) തിരികെ സംസ്ഥാനത്ത് എത്തിയിരുന്നു. വിമാനത്താവളത്തില്‍ നിന്നും രാജ്ഭവനിലേക്കുളള വഴിമധ്യേ ഇന്നലെയും എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഗവര്‍ണര്‍ക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തി (SFI Protest Against Governor).
തിരുവനന്തപുരം ജനറല്‍ ആശുപത്രി ജങ്ഷനില്‍ വച്ചായിരുന്നു ഗവര്‍ണര്‍ക്കെതിരെ എസ്‌എഫ്ഐ പ്രതിഷേധമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചിരുന്നു.
Also Read : 'പ്രതിഷേധമുണ്ടായാല്‍ വാഹനത്തിന് പുറത്തിറങ്ങുമെന്ന്' ഗവര്‍ണര്‍; വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ്‌എഫ്‌ഐ
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ നിയമിച്ച പുതിയ സെനറ്റ് അംഗങ്ങളെ ക്യാമ്പസില്‍ പ്രവേശിക്കാന്‍ എസ് എഫ് ഐ അനുവദിച്ചിരുന്നില്ല. നിയമനം ലഭിച്ച എ ബി വി പി നേതാവായ സെനറ്റ് അംഗത്തിനെ മറ്റൊരു കേസില്‍ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. കാലാവധി തീരാനിരിക്കെയുള്ള ഗവര്‍ണറുടെ പുതിയ നീക്കങ്ങളെ നിലവിലെ സാഹചര്യത്തില്‍ പ്രതിരോധിക്കാനുള്ള നടപടികളും ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്താനാണ് സാധ്യത.