തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സിപിഎം സംസ്ഥാന സമിതി യോഗം തുടങ്ങി. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലും ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കേണ്ട സീറ്റുകളിലും അന്തിമ തീരുമാനമുണ്ടാകും. കേന്ദ്ര കമ്മിറ്റി തീരുമാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഉള്‍പ്പെടുത്തി സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിക്കേണ്ട റിപ്പോര്‍ട്ടിന് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നല്‍കിയിരുന്നു.
തുടര്‍ച്ചയായി രണ്ടു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന നിലപാട് തുടരാനാണ് തീരുമാനം. അതേസമയം, ആവശ്യമെങ്കില്‍ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നവര്‍ക്ക് ഇളവ് നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നടന്ന ഭവന സന്ദര്‍ശനങ്ങളിലെ പ്രതികരണങ്ങള്‍ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും.
അതിനിടെ ഇടതു മുന്നണിയുമായി ഇടഞ്ഞു നില്‍ക്കുന്ന എൻസിപി നേതാക്കള്‍ ഡല്‍ഹിയില്‍ ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്‌ച നടത്തും. ഇടതുമുന്നണിയില്‍ തുടരണമെന്നും തുടര്‍ഭരണ സാധ്യതയാണ് മുന്നിലുള്ളതെന്നും ശശീന്ദ്രന്‍ വിഭാഗം വാദിക്കുമ്പോള്‍ പാല ഉള്‍പ്പടെയുള്ള സീറ്റുകള്‍ വിട്ടുനല്‍കി മുന്നണിയില്‍ തുടരേണ്ടതില്ലെന്നാണ് മാണി സി കാപ്പന്‍റെ നിലപാട്.