തിരുവനന്തപുരം: വിവാദങ്ങൾക്കിടെ ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും നാളെ സംസ്ഥാന സമിതി യോഗവും ചേരുന്നു. യോഗത്തിലെ പ്രധാന അജണ്ട തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ്. തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച് നേതൃയോഗം വിശദമായി ചർച്ച ചെയ്യും. നാളത്തെ സംസ്ഥാന സമിതി എകെജി സെന്‍ററിൽ ചേരാനാണ് നിശ്ചയിച്ചിരുന്നെങ്കിലും കൊവിഡ് രൂക്ഷമായതിനെ തുടർന്ന് ഓൺലൈനിലേക്ക് മാറ്റി.
സർക്കാരിനെതിരെ ഉയർന്നുവന്ന വിവാദങ്ങളും സമിതി യോഗത്തിൽ ചർച്ചയാകും. സ്വർണക്കടത്ത് ലൈഫ് മിഷൻ തുടങ്ങിയവയുടെ പേരിൽ യുഡിഎഫും ബിജെപിയും ഉയർത്തിയ പ്രതിഷേധങ്ങൾ രാഷ്ട്രീയമായി പ്രതിരോധിക്കാനാണ് സിപിഎം തീരുമാനം. ഇതെങ്ങനെ വേണമെന്നത് സമിതി വിശദമായി ചർച്ച ചെയ്യും. നിലവിൽ സർക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി ജലീലിനും പൂർണ പിന്തുണയാണ് സിപിഎം പ്രഖ്യാപിച്ചത്. കേരള കോൺഗ്രസ് ജോസ് കെ. മാണി വിഭാഗവുമായി സഹകരിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന സമിതി യോഗത്തിൽ ഉണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രാദേശികമായി സഹകരിച്ച് മുന്നോട്ടു പോകാം എന്ന നിർദേശമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സമിതിക്ക് മുന്നിൽ വയ്ക്കുക.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെയും മന്ത്രി ഇ.പി ജയരാജന്‍റെയും മക്കൾക്കെതിരെ ഉയർന്ന വിവാദങ്ങൾ സംസ്ഥാന സമിതിയിൽ ചർച്ച ചെയ്യാൻ സാധ്യതയില്ല. കാർഷിക ബില്ലിൽ പ്രതിഷേധിച്ചുള്ള പ്രക്ഷോഭ പരിപാടികളും നേതൃയോഗം ചർച്ച ചെയ്യും. തുടർഭരണം എന്ന ലക്ഷ്യവുമായി നല്ല രീതിയിൽ മുന്നോട്ടു പോകുകയായിരുന്ന സർക്കാരിനെതിരെ വിവാദങ്ങൾ ഉയർന്നതിൽ സംസ്ഥാന സമിതിയുടെ മുതിർന്ന നേതാക്കൾക്ക് അതൃപ്തിയുണ്ട്. ഇത് സംസ്ഥാനസമിതി യോഗത്തിൽ ഉന്നയിച്ചേക്കാം.