തിരുവനന്തപുരം : പാലക്കാട്ടെ ഷാജഹാന്‍ വധത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ഷാജഹാനെ കൊലപ്പെടുത്തിയ അക്രമികൾ പാർട്ടി അംഗങ്ങൾ തന്നെയാണെന്ന് ദൃക്‌സാക്ഷി പറയുമ്പോൾ ഉത്തരവാദിത്തത്തില്‍ നിന്ന് സിപിഎമ്മിന് എങ്ങനെ ഒഴിയാനാകുമെന്ന് സുധാകരൻ ചോദിച്ചു. സംസ്ഥാന സർക്കാറിൻ്റെ കൈയിലുള്ളതിനേക്കാൾ ആയുധശേഖരം സിപിഎമ്മിനുണ്ട്.
കൊലപാതകത്തിന് സിപിഎം നേതാക്കൾ തന്നെ കുടപിടിക്കുന്നു. ഷാജഹാനെ കൊലപ്പെടുത്തിയത് സിപിഎമ്മുകാർ ആണെന്ന് വ്യക്തമാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം വേണം. കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ പകപോക്കൽ മാത്രമല്ല മറ്റുചില പ്രശ്‌നങ്ങൾ കൂടി ഉണ്ട്.
കേരളത്തിലെ പൊലീസിന് നട്ടെല്ലില്ല. പൊലീസിനെ നിയന്ത്രിക്കുന്നത് സിപിഎം ആണ്. സിപിഎം എന്നും അക്രമത്തിന്‍റെ വക്താക്കളാണ്. എകെജി സെന്‍റർ ആക്രമണത്തിന് പിന്നിൽ സിപിഎം ആണെന്നതിന് തെളിവുണ്ട്. ഈ കേസിൽ നിർണായക മൊഴി നൽകിയ സമീപത്തെ കടക്കാരനെ പാർട്ടി നിശബ്‌ദനാക്കിയെന്നും സുധാകരൻ ആരോപിച്ചു.
ബിജെപിയോട് തനിക്കും രാഷ്ട്രീയമായി എതിർപ്പുണ്ട്. എന്നുകരുതി എല്ലാം അവരുടെ തലയിൽ കൊണ്ടു പോയി ചാർത്താനാകില്ല. ബിജെപിയോട് പ്രത്യേകിച്ച് സ്നേഹമോ വൈരാഗ്യമോ തനിക്ക് ഇല്ലെന്നും സുധാകരൻ വ്യക്തമാക്കി. പാലക്കാട് ഷാജഹാൻ കൊലപാതകത്തിന് പിന്നിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്ന സിപിഎം വാദം മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഇത്തരത്തില്‍ പ്രതികരണം.
ഞായറാഴ്‌ച രാത്രി 9.30 ന് പാലക്കാട് കുന്നങ്കാട്ടെ വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനം വാങ്ങുന്നതിനിടെ, അക്രമിസംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കൃത്യം നടത്തിയ ശേഷം അക്രമികൾ ഓടിരക്ഷപ്പെട്ടു. കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ഉടനെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരാണെന്ന് സി.പി.എം. ആരോപിച്ചു. എന്നാല്‍, കൊലപാതകത്തില്‍ പങ്കില്ലെന്നും സി.പി.എമ്മിലെ വിഭാഗീയതയാണ് വധത്തില്‍ കലാശിച്ചതെന്നും ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്‌ണകുമാര്‍ പറഞ്ഞു.
അഞ്ചിലധികം പേരടങ്ങുന്ന സംഘമാണ് കൊലയ്ക്ക് പിന്നിലെന്നാണ് സൂചന. മരുതറോഡ് പഞ്ചായത്തില്‍, തിങ്കളാഴ്‌ച ഷാജഹാന്‍റെ സംസ്‌കാരം കഴിയുന്നതുവരെ, ഹര്‍ത്താലിന് സി.പി.എം. ആഹ്വാനം ചെയ്‌തിട്ടുണ്ട്.