തിരുവനന്തപുരം : നിരവധി പ്രമുഖര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കസേരയിലിരുന്നെങ്കിലും കോടിയേരി ബാലകൃഷ്‌ണന് സ്വന്തമായൊരു റെക്കോഡുണ്ട്, തുടര്‍ഭരണം. സാങ്കേതികമായി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിന്നിരുന്നെങ്കിലും തെരഞ്ഞെടുപ്പിലെ തന്ത്രങ്ങള്‍ ഒരുക്കിയത് കോടിയേരി തന്നെയായിരുന്നു.
പാര്‍ട്ടിയെ നയിച്ച സൗമ്യമുഖം : ചരിത്രത്തിലെ ഏറ്റവും മികവാര്‍ന്ന നേട്ടമായാണ് രാഷ്ട്രീയ കേരളം തുടര്‍ഭരണത്തെ വിലയിരുത്തുന്നത്. ഇതിലേക്ക് സിപിഎമ്മിനെ കോടിയേരി നയിച്ചത് ഏറെ പ്രതിസന്ധികള്‍ക്കിടയിലൂടെയാണ്. കാര്‍ക്കശ്യക്കാരനായ പിണറായി വിജയനില്‍ നിന്നും ആലപ്പുഴ സമ്മേളനത്തിലാണ് കോടിയേരി സെക്രട്ടറി സ്ഥാനം ഏറ്റെടുത്തത്.
പിണറായിയുടെ കാര്‍ക്കശ്യത്തില്‍ നിന്നും ഏറെ വ്യത്യസ്‌തമായി സൗമ്യമുഖമായി കോടിയേരി സിപിഎമ്മിനെ നയിച്ചു. വിഎസ് അച്യുതാനന്ദന്‍റെ ഇറങ്ങി പോക്കും വിഭാഗീയതയും നിറഞ്ഞ ആലപ്പുഴ സമ്മേളനത്തിന് ശേഷം കാര്യമായ വിഭാഗീയതയോ തര്‍ക്കങ്ങളോ ഇല്ലാതെ തന്നെ സിപിഎം മുന്നോട്ടുപോയതില്‍ കോടിയേരിയുടെ നേതൃപാടവം നിര്‍ണായകമാണ്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ 20 ല്‍ 19 സീറ്റും തോറ്റുനിന്ന ഒരു മുന്നണിയെയാണ് മാസങ്ങള്‍ക്കിപ്പുറം തുടര്‍ഭരണം എന്ന ചരിത്രത്തിലേക്ക് കോടിയേരി നയിച്ചത്. സാങ്കേതികമായി സെക്രട്ടറി സ്ഥാനത്ത് മാറി നിന്നെങ്കിലും തെരഞ്ഞെടുപ്പിന്‍റെ തന്ത്രങ്ങള്‍ ഒരുക്കിയതും ഘടകകക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിയതും കോടിയേരി തന്നെയായിരുന്നു.
മക്കള്‍ വിവാദം അലട്ടിയ നേതാവ് : രോഗത്തിന്‍റെ അവശതകള്‍ ഉണ്ടായെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോടിയേരി കസറി. അതിന്‍റെ കൂടി ഫലമായിരുന്നു 99 നിയമസഭ സീറ്റുകളിലെ ഇടതുമുന്നണിയുടെ വിജയം. എംഎല്‍എയും മന്ത്രിയുമൊക്കെയായി വര്‍ഷങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കറ കോടിയേരിയുടെ കൈകളില്‍ പതിഞ്ഞിട്ടില്ല.
എന്നാല്‍ മക്കളായ ബിനോയിയും ബിനീഷും എന്നും ഈ നേതാവിന്‍റെ രാഷ്ട്രീയ ജീവിതത്തില്‍ പ്രതിസന്ധി സൃഷ്‌ടിച്ചിട്ടുണ്ട്. ബിനീഷ് കോടിയേരിക്കെതിരായ മയക്കുമരുന്ന് കേസിന് പിന്നാലെയാണ് അദ്ദേഹം സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നത്. പിന്നീട് കണ്ണൂര്‍ സമ്മേളനത്തിന് തൊട്ടുമുന്‍പാണ് സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്.
അനാരോഗ്യം വല്ലാതെ അലട്ടിയപ്പോഴും പാര്‍ട്ടി പരിപാടികളില്‍ സജീവമായിരുന്നു. എന്നാല്‍ തീര്‍ത്തും അവശനായതോടെയാണ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കാം എന്ന തീരുമാനത്തിലേക്ക് കോടിയേരി എത്തിയത്. താത്‌കാലികമായി മാറി നില്‍ക്കാമെന്ന നേതാക്കളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തെ നിരസിച്ചാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.