തിരുവനന്തപുരം : കോര്‍പറേഷനിലെ പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പ് അന്വേഷിക്കാന്‍ സിപിഎം. ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ സി ജയന്‍ബാബു, പുഷ്‌പലത എന്നിവരാണ് അന്വേഷണം നടത്തുക. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ല കമ്മിറ്റി യോഗത്തിലാണ് വിഷയത്തില്‍ പരിശോധന നടത്താന്‍ ഇരുവര്‍ക്കും ചുമതല നല്‍കിയത്.
വ്യാജ രേഖകള്‍ ചമച്ച് പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ് നടത്തിയെന്ന കണ്ടെത്തലില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന നേതാവായ പ്രതിന്‍സാജ് കൃഷ്‌ണക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. പിന്നാക്ക ക്ഷേമ വകുപ്പ് നടത്തിയ ഓഡിറ്റിങ്ങിലാണ് ഒരു കോടി നാലുലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. 24 വ്യാജ അക്കൗണ്ടുകളില്‍ നിന്ന് പ്രതിന്‍സാജ് കൃഷ്‌ണയുടെ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് ഇത്തരത്തില്‍ തുക വകമാറ്റിയതായും ഓഡിറ്റിങ്ങില്‍ കണ്ടെത്തി.
ഇത്തരത്തില്‍ നേരത്തെയും ഫണ്ടില്‍ തട്ടിപ്പ് നടത്തിയ പട്ടികജാതി ഉദ്യോഗസ്ഥര്‍ അടക്കം ആറ് പേരെ നഗരസഭ സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. ഇവര്‍ പിന്നീട് സര്‍വീസില്‍ പ്രവേശിക്കുകയും ചെയ്‌തു. വിഷയത്തില്‍ പൊലീസ് കേസെടുത്തെങ്കിലും ഡിവൈഎഫ്ഐ നേതാവിന്‍റെ ഇടപെടല്‍ സംബന്ധിച്ച് യാതൊരുവിധ പരിശോധനയും നടത്തിയില്ല.
പിന്നാക്ക ക്ഷേമ വകുപ്പിന്‍റെ ഓഡിറ്റിങ്ങിന് പുറമെ, 2022 ഓഗസ്റ്റ് 12 മുതല്‍ 27 വരെ പട്ടികജാതി വികസന ഓഫിസില്‍ സംസ്ഥാന പട്ടികജാതി, പട്ടിക ഗോത്ര വര്‍ഗ കമ്മിഷന്‍ ഉദ്യോഗസ്ഥരും സംയുക്ത പരിശോധന നടത്തിയിരുന്നു. സംഘം നടത്തിയ ഈ പരിശോധനയിലും വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. തട്ടിപ്പുകള്‍ കണ്ടെത്തിയിട്ടും പാര്‍ട്ടി നേതാക്കള്‍ക്കും ഇടത് യൂണിയന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ അന്വേഷണം നടക്കുന്നില്ലെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്താന്‍ പാര്‍ട്ടിയുടെ തീരുമാനം.
സിപിഎം വിശദീകരണം : പട്ടികജാതി ക്ഷേമഫണ്ട് തട്ടിപ്പില്‍ സിപിഎമ്മിന് പങ്കില്ലെന്നും ഉദ്യോഗസ്ഥ തലത്തിലാണ് അഴിമതി നടന്നത് എന്നുമായിരുന്നു സിപിഎമ്മിന്‍റെ മുന്‍ നിലപാട്. ഇതിന് പിന്നാലെയാണ് അപ്രതീക്ഷിതമായി പാര്‍ട്ടി അന്വേഷണത്തിന് ചുമതല നല്‍കിയത്.
ജില്ല കമ്മിറ്റിയിലെ മറ്റ് തീരുമാനങ്ങള്‍ : സിപിഎമ്മിന്‍റെ തിരുവനന്തപുരത്തെ നാല് ഏരിയ സെക്രട്ടറിമാരെ മാറ്റാനും ജില്ല കമ്മിറ്റി തീരുമാനിച്ചു. നേമം ഏരിയ സെക്രട്ടറി പാറക്കുഴി സുരേന്ദ്രന്‍, ശ്രീകാര്യം ഏരിയ സെക്രട്ടറി അനില്‍, വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി, പാളയം ഏരിയ സെക്രട്ടറി സി പ്രസന്നകുമാര്‍ എന്നിവരെയാണ് മാറ്റുക. ഏരിയ കമ്മിറ്റികളില്‍ വിഭാഗീയത വര്‍ധിച്ച് വരുന്ന സാഹചര്യം കണക്കിലെടുത്താണ് നടപടി.
വിഭാഗീയത സംബന്ധിച്ച് തിരുവനന്തപുരത്തെ സിപിഎമ്മില്‍ ദീര്‍ഘനാളായി ചര്‍ച്ചകള്‍ സജീവമായിരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ നാല് ഏരിയ സെക്രട്ടറിമാരെ മാറ്റാന്‍ തീരുമാനമായത്. വിഭാഗീയത കൈകാര്യം ചെയ്യുന്നതിലുള്ള ഏരിയ കമ്മിറ്റികളുടെ വീഴ്ച കണക്കിലെടുത്താണ് ഏരിയ സെക്രട്ടറിമാരെ മാറ്റുന്നത്. പാര്‍ട്ടിയില്‍ വിഭാഗീയതയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളും വച്ചുപൊറുപ്പിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കി.