തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പ് അവലോകനത്തിനായി സിപിഎം സംസ്ഥാന സമിതി യോഗം ജൂലൈ ഒമ്പത്, പത്ത് തിയ്യതികളിൽ നടക്കും. സംസ്ഥാന സമിതി, സെക്രട്ടേറിയറ്റ് തയാറാക്കിയ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് വിശദമായി ചര്‍ച്ച ചെയ്യും.
ചില മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വീഴ്‌ച വന്നതായി അവലോകന റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.വിവിധ ജില്ല കമ്മിറ്റികളുടെ റിപ്പോര്‍ട്ട് പരിശോധിച്ചാണ് സെക്രട്ടേറിയറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
വീഴ്‌ച വന്ന നേതാക്കള്‍ക്കെതിരായ നടപടികള്‍ സംസ്ഥാന സമിതി തീരുമാനിക്കും. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്‌ച സംഭവിച്ചതായി സിപിഎം കണ്ടെത്തിയിട്ടുണ്ട്.
പ്രചാരണ പ്രവര്‍ത്തനങ്ങളിലും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിലും ഗുരുതര വീഴ്‌ച സംഭവിച്ചതായാണ് സെക്രട്ടേറിയറ്റ് വിലയിരുത്തിയിരിക്കുന്നത്. ജി. സുധാകരന്‍റെ പേര് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് വീഴ്‌ച സംഭവിച്ചെന്ന് ആലപ്പുഴ ജില്ല കമ്മിറ്റിയിലെ അവലോകന റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു.
ഇത് പരിശോധിച്ച ശേഷമാണ് സെക്രട്ടേറിയറ്റ് ഇക്കാര്യം റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ അന്വേഷണ കമ്മിഷനെ നിയമിക്കണോ എന്ന് സംസ്ഥാന സമിതി തീരുമാനിക്കും.
Also Read: റവന്യൂ വകുപ്പിലെ സ്ഥലം മാറ്റം; പ്രതിഷേധം ശക്തമാവുന്നു
ഇത് കൂടാതെ പാര്‍ട്ടിക്ക് ദയനീയ തോല്‍വിയുണ്ടായ മണ്ഡലങ്ങളിലെ വീഴ്‌ചയും പ്രത്യേകം പരിശോധിക്കും. ഇടത് മുന്നണി മൂന്നാം സ്ഥാനത്തേക്ക് പോയ മണ്ഡലങ്ങള്‍ പ്രത്യേകമായി പരിശോധിക്കാനാണ് സിപിഎം തീരുമാനം.
പാലക്കാട്, കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ജില്ലാതല പരിശോധന നടത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിട്ടുണ്ട്.
കുണ്ടറ, തൃപ്പൂണിത്തുറ, അരുവിക്കര, ഒറ്റപ്പാലം തുടങ്ങിയ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പരാതികളിൽ ജില്ല കമ്മിറ്റികള്‍ നിയമിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കും.
ഘടകകക്ഷികളുടെ പരാജയം സംബന്ധിച്ച് ഉന്നയിച്ച പരാതികളും സംസ്ഥാന സമിതി പരിശോധിക്കും. പാല, കല്‍പ്പറ്റ മണ്ഡലങ്ങളിലെ പരാജയത്തിലാണ് ഘടകകക്ഷികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.
കുറ്റ്യാടി നിയമസഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിവാദങ്ങളും നടപടിയും ചര്‍ച്ചയാകും.
വനിത കമ്മിഷന്‍ അധ്യക്ഷ സ്ഥാനം, ബോര്‍ഡ് കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ എന്നിവ കൂടാതെ സ്വർണക്കടത്തും ക്വട്ടേഷനുമടക്കം പാര്‍ട്ടി പ്രതിരോധത്തിലായ വിഷയങ്ങളും സംസ്ഥാന സമിതി വിശദമായി ചര്‍ച്ച ചെയ്യും.