തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ അരുവിക്കരയിലെ ഇടത് സ്ഥാനാര്‍ഥി ജി സ്റ്റീഫനെ പരാജയപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് വി കെ മധുവിനെതിരായ സി.പി.എം നടപടിയില്‍ തീരുമാനം ഇന്നറിയാം. ഇന്ന് ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം മധുവിനെതിരായ അന്വേഷണ റിപ്പാര്‍ട്ട് പരിശോധിക്കും. സി.ജയന്‍ ബാബു, സി.അജയകുമാര്‍, കെ.സി.വിക്രമന്‍ എന്നിവരടങ്ങിയ മൂന്നംഗ കമ്മിഷനാണ് പരാതി പരിശോധിച്ചത്.
തെരഞ്ഞെടുപ്പില്‍ അരുവിക്കരയില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച് വി കെ മധു പ്രവര്‍ത്തനങ്ങളും തുടങ്ങിയിരുന്നു. എന്നാല്‍ അവസാന ഘട്ടത്തില്‍ സംസ്ഥാന സമിതിയാണ് ജി.സ്റ്റീഫനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഇതില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയ മധു തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നിന്നിരുന്നു. പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാതിരുന്നതിനൊപ്പം പരാജയപ്പെടുത്താനും ശ്രമിച്ചുവെന്ന് സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. ഇതില്‍ വിശദമായ ചര്‍ച്ചയും ജില്ലാ കമ്മറ്റിയില്‍ നടന്നിരുന്നു.
മുതിര്‍ന്ന നേതാക്കളായ കോടിയേരി ബലകൃഷ്ണന്‍, ആനത്തലവട്ടം ആനന്ദന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗമാണ് അന്വേഷണ കമ്മിഷനെ നിശ്ചയിച്ചത്. ഇടത് സ്ഥാനാര്‍ഥി വിജയിച്ചെങ്കിലും മധുവിന്റെ ഭാഗത്തു നിന്നും ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്നാണ് സൂചന. ഇത് ജില്ലാ സെക്രട്ടേറിയറ്റ് യോഗം അംഗീകരിച്ചാല്‍ തരംതാഴ്ത്തലോ താക്കീതോ അടക്കമുള്ള അച്ചടക്ക് നടപടിക്ക് സാധ്യതയുണ്ട്.
Also read: തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചില്ല,വി.കെ മധുവിനെ സി.പി.എം തരം താഴ്‌ത്തിയേക്കും