തിരുവനന്തപുരം: അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മഞ്ചേശ്വരത്ത്, കാസര്‍കോട് സി.പി.എം ജില്ലാകമ്മിറ്റിയംഗം എം ശങ്കര്‍ റൈ, അരൂരില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. മനു സി പുളിക്കന്‍, കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.യു ജനീഷ് കുമാര്‍, വട്ടിയൂര്‍കാവില്‍ തിരുവനന്തപുരം നഗരസഭ മേയര്‍ വി.കെ പ്രശാന്ത് എന്നിവര്‍ മത്സരിക്കും. എറണാകുളത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ. മനു റോയിക്ക് പിന്തുണ നല്‍കും.
കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടറിയേറ്റുകൾ അംഗീകരിച്ച സ്ഥാനാർഥി പട്ടികക്ക് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നൽകുകയായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. അഞ്ച് പേരും ആദ്യമായാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്നത്.
സാമുദായിക സമവാക്യങ്ങള അടിസ്ഥാനമാക്കിയല്ല സ്ഥാനാർഥികളെ തീരുമാനിച്ചതെന്നും ലോക്‌സഭ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയ സാഹചര്യമല്ല നിലവിലുള്ളതെന്നും കോടിയേരി പറഞ്ഞു. ബി.ഡി.ജെ.എസുമായി ചർച്ചക്ക് ശ്രമിച്ചിട്ടില്ല. എസ്.എസ്.ഡി.പിയും ബി.ഡി.ജെ.എസും രണ്ടാണ്. എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ എല്ലാ മത സംഘടനകളുമായും നല്ല ബന്ധമാണ് സി.പി.എമ്മിനുള്ളത്. വട്ടിയൂർക്കാവ് വിജയ സാധ്യത കണക്കിലെടുത്താണ് മേയർ വി.കെ പ്രശാന്തിനെ സ്ഥാനാർഥിയാക്കിയത്.
സംസ്ഥാന സർക്കാരിനെ ബാധിക്കുന്ന തെരഞ്ഞെടുപ്പല്ല അഞ്ച് മണ്ഡലങ്ങളിലേക്കും നടക്കുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിധി എന്തായാലും ശബരിമല വിഷയത്തിലെ സുപ്രീം കോടതിവിധിയെ ബാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.