തിരുവനന്തപുരം: അധികാരം മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന റൂൾസ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെ എതിർപ്പുമായി സിപിഐ. മന്ത്രിമാരുടെ അധികാരം ലഘൂകരിച്ച് കൊണ്ട് ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറി എന്നീ ഉദ്യോഗസ്ഥ സംവിധാനത്തിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിന് എതിരെയാണ് സിപിഐ എതിർപ്പ് അറിയിച്ചത്. ചീഫ് സെക്രട്ടറിക്ക് അമിതാധികാരം നൽകിയതിന്‍റെ പരിണിത ഫലമാണ് സ്പ്രിംഗ്ലർ, ലൈഫ് മിഷൻ പദ്ധതികളിലെ തിരിച്ചടി. നിലവിലെ സാഹചര്യത്തിൽ റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയുടെ ആവശ്യകതയെയാണ് സിപിഐ ചോദ്യം ചെയ്യുന്നത്. റൂൾസ് ഓഫ് ബിസിനസ് ഭേദഗതിയെ കുറിച്ച് വിശദമായി പരിശോധിക്കാൻ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.
എന്നാൽ എകെ ബാലൻ അധ്യക്ഷനായ ഉപസമിതി കരട് നിർദേശങ്ങൾ തയാറാക്കാൻ യോഗം ചേർന്നപ്പോൾ സമിതിയിലെ അംഗങ്ങളായ മന്ത്രിമാരായ ഇ ചന്ദ്രശേഖരൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവർ എതിർപ്പറിയിച്ചതായാണ് സൂചന. ജനാധിപത്യ സംവിധാനത്തിൽ ഇത്തരം അധികാര കേന്ദ്രീകരണം കേരളം പോലൊരു സംസ്ഥാനത്തിന് യോജിച്ചതാണോയെന്ന ചോദ്യമാണ് മന്ത്രിമാർ മുന്നോട്ടുവച്ചത്. കാലാവധിയവസാനിക്കാൻ മാസങ്ങൾ ശേഷിക്കെ എന്തിനാണ് ഇങ്ങനെയൊരു ഭേദഗതിയെന്ന ചോദ്യവും ഉയരുന്നുണ്ട്.